യു എസുമായുള്ള വ്യാപാരക്കരാര്‍ അന്തിമമാക്കാന്‍ എപ്സ്റ്റീന്‍ ഫയല്‍ കാരണമായെന്ന് രാഹുല്‍ ഗാന്ധി

യു എസുമായുള്ള വ്യാപാരക്കരാര്‍ അന്തിമമാക്കാന്‍ എപ്സ്റ്റീന്‍ ഫയല്‍ കാരണമായെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ഇന്ത്യ- യു എസ് വ്യാപാരക്കരാര്‍ അന്തിമമാക്കാന്‍ എപ്സ്റ്റീന്‍ ഫയല്‍ കാരണമായെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒത്തുതീര്‍പ്പിനും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് ഇന്ത്യ- യു എസ് വ്യാപാരക്കരാറില്‍ ഒപ്പിട്ടതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 

എപ്സ്റ്റീന്‍ ഫയലുകളില്‍ യു എസ് ഇതിവരെ പുരത്തുവിട്ടതിനേക്കാള്‍ കൂടുതല്‍ വിവരങ്ങളുള്ളതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രതിച്ഛായ തകരുമെന്ന് ഭയക്കുന്നുണ്ട്. ഇതാണ് മോഡിയെ സമ്മര്‍ദ്ദത്തിലാക്കിയത്. അമേരിക്കയില്‍ അദാനിക്കെതിരെയുള്ള കേസ് വാസ്തവത്തില്‍ മോഡിക്കെതിരെ തന്നെയുള്ള കേസാണ്.

ചൈനീസ് അതിര്‍ത്തി പ്രശ്‌നവും മുന്‍ സൈനിക മേധാവി നരവാനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളും ഉന്നയിക്കാന്‍ ശ്രമിച്ച തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ വിദേശകാര്യമന്താലയം വ്യക്തമാക്കിയിരുന്നു. 2017ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രയേല്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രമാണ് ഫയലുകളിലുള്ളതെന്നും മറ്റ് പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.