ന്യൂയോര്‍ക്ക്: കാനഡ വഴി അമേരിക്കയിലേക്ക് ഇന്ത്യന്‍ പൗരന്മാരെ അനധികൃതമായി കടത്തിയ കേസില്‍ 22 വയസുള്ള ഒരു ഇന്ത്യന്‍ പൗരനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതായി യു എസ് അധികൃതര്‍ അറിയിച്ചു.
ശിവം എന്ന പേരിലുള്ള ഇന്ത്യന്‍ യുവാവിന്റെ പൂര്‍ണനാമം വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ലാഭത്തിനായി വിദേശികളെ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കൊണ്ടുവരാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതിന് ഒരു കുറ്റവും അതേ ഉദ്ദേശത്തോടെ വിദേശികളെ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നതിന് നാല് കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് നോര്‍ത്ത് ഡിസ്ട്രിക്ടിലെ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കോടതി രേഖകള്‍ പ്രകാരം 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ശിവം മനുഷ്യക്കടത്ത് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും കാനഡ- അമേരിക്ക അതിര്‍ത്തി വഴി ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ ക്ലിന്റണ്‍ കൗണ്ടിയിലേക്ക് ആളുകളെ അനധികൃതമായി എത്തിക്കുന്നതിനുള്ള ഏകോപനം നടത്തുകയും ചെയ്തിരുന്നു.
2025 ജനുവരിയില്‍ യു എസ്- കാനഡ അതിര്‍ത്തിക്ക് സമീപം ഒരുമിച്ച് യാത്ര ചെയ്ത രണ്ട് വാഹനങ്ങള്‍ യു എസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവാഹനങ്ങളും വേഗത വര്‍ധിപ്പിക്കുകയും പിന്നീട് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഒരു വാഹനം റോഡില്‍ നിന്ന് തെറ്റി പ്രവര്‍ത്തനര ഹിതമായപ്പോള്‍ മറ്റൊരു വാഹനം പിന്നീട് ന്യൂയോര്‍ക്കിലെ മൂയേഴ്സ് എന്ന സ്ഥലത്തുവെച്ചാണ് തടഞ്ഞത്. ഈ വാഹനങ്ങളില്‍ നിന്നും രേഖകളില്ലാത്ത 12 പേരെയാണ് പിടികൂടിയത്.
ഡ്രൈവര്‍മാരില്‍ ഒരാളും ശിവവുമായി ബന്ധമുള്ള ഒരു ഫോണ്‍ നമ്പറും തമ്മില്‍ നടന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 2025 ജനുവരിയിലും അതിന് മുമ്പും പലതവണ കാനഡ വഴി അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് കടത്തുന്നതിനുള്ള ഏകോപനം നടന്നതായി വെളിപ്പെടുത്തുന്നുവെന്ന് യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ ഓരോ കുറ്റത്തിനും പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ശിവം നേരിടേണ്ടിവരും. ആളുകളെ അനധികൃതമായി അമേരിക്കയിലേക്ക് കൊണ്ടുവന്ന നാല് കുറ്റങ്ങളിലും ശിക്ഷിക്കപ്പെട്ടാല്‍ കുറഞ്ഞത് അഞ്ച് വര്‍ഷവും പരമാവധി 15 വര്‍ഷവും തടവുശിക്ഷ നിര്‍ബന്ധമായിരിക്കും. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആളുകളെ നിയമവിരുദ്ധമായി കടത്താനുള്ള ഗൂഢാലോചന കുറ്റം ചുമത്തി ക്രിമിനല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിവത്തിനെതിരെ ആദ്യം കേസെടുത്തിരുന്നത്.
