വാഷിംഗ്ടൺ: 1.2 ട്രില്യൺ ഡോളർ ചെലവുപാക്കേജിന് യുഎസ് ഹൗസ് ഓഫ് റിപ്പ്രസന്റേറ്റീവ്‌സ് അംഗീകാരം നൽകിയതോടെ നാലുദിവസമായി തുടരുകയായിരുന്ന ഭാഗിക സർക്കാർ അടച്ചിടൽ അവസാനിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പിനായി ബിൽ വൈറ്റ് ഹൗസിലേക്ക് കൈമാറി. ബില്ലിനെ ട്രംപ് പിന്തുണച്ചിട്ടുണ്ട്.
214ന് എതിരെ 217 വോട്ടുകൾക്കാണ് പാക്കേജ് പാസായത്. റിപ്പബ്ലിക്കൻ നേതൃത്വത്തിന്റെ പിന്തുണയോടെ 21 ഡെമോക്രാറ്റുകൾ കൂടി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ഭൂരിഭാഗം ഡെമോക്രാറ്റുകളും 21 റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിനെ എതിർത്തു.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനുള്ള (DHS) ധനസഹായം 10 ദിവസത്തേക്ക് മാത്രമാക്കിയതും വോട്ടർ രജിസ്‌ട്രേഷനായി പൗരത്വ തെളിവ് നിർബന്ധമാക്കുന്ന 'സേവ് ആക്ട്' ഉൾപ്പെടുത്തിയില്ലെന്നതുമാണ് വിമത റിപ്പബ്ലിക്കൻ അംഗങ്ങളുടെ പ്രധാന എതിർപ്പുകൾ.
സർക്കാർ പ്രവർത്തനം പുനരാരംഭിക്കാനായി സ്വന്തം പാർട്ടി നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്ത 21 ഡെമോക്രാറ്റുകളാണ് ബിൽ പാസാകുന്നതിൽ നിർണായക പങ്കുവഹിച്ചത്.
'ഇത് ഐക്യമുണ്ടാക്കുന്ന പ്രക്രിയയാണ്. അംഗങ്ങളുടെ ആശങ്കകൾ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്,' എന്ന് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു.
മുൻദിനം തന്നെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഐക്യത്തോടെ നിൽക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. 'ഇപ്പോൾ മാറ്റങ്ങൾക്ക് ഇടമില്ല. രാജ്യത്തെ ബാധിക്കുന്ന മറ്റൊരു അടച്ചിടൽ ഉണ്ടാകരുത്,' എന്നാണ് ട്രംപിന്റെ സന്ദേശം.
ബിൽ നിയമമായാൽ സെപ്തംബർ 30 വരെ ഫെഡറൽ സർക്കാരിന്റെ ഭൂരിഭാഗം വകുപ്പുകൾക്ക് ധനസഹായം ഉറപ്പാകും. അതേസമയം ആഭ്യന്തര സുരക്ഷാവകുപ്പിന് ഫെബ്രുവരി 13 വരെ മാത്രമാണ് താൽക്കാലിക ധനസഹായം അനുവദിച്ചിരിക്കുന്നത്. കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്ന ഐസിഇ അടക്കമുള്ള വിഷയങ്ങളിൽ തുടർ ചർച്ചകൾ നടക്കും.
1.2 ട്രില്യൺ ഡോളർ ചെലവുപാക്കേജ് പാസാക്കി യുഎസ് കോൺഗ്രസ്; നാലുദിവസത്തെ സർക്കാർ അടച്ചിടൽ അവസാനിച്ചു
