വാഷിംഗ്ടൺ: അറേബ്യൻ കടലിൽ നങ്കൂരമിട്ടിരുന്ന അമേരിക്കൻ വിമാനവാഹിനിയായ യുഎസ്എസ് അബ്രഹാം ലിങ്കണിന് സമീപത്തേക്ക് 'ആക്രമണപരമായി' എത്തിയ ഇറാനിയൻ ഡ്രോൺ യുഎസ് സൈന്യം വെടിവെച്ച് വീഴ്ത്തിയതായി സെൻട്രൽ കമാൻഡ് അറിയിച്ചു. സ്വയംരക്ഷയ്ക്കായി കപ്പലിൽ നിന്നുയർന്ന എഫ്-35സി യുദ്ധവിമാനമാണ് ഡ്രോൺ തകർത്തതെന്ന് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞു.
ഇറാൻ തീരത്ത് നിന്ന് ഏകദേശം 500 മൈൽ അകലെയായിരുന്ന കപ്പലിനടുത്തേക്കാണ് ഡ്രോൺ സമീപിച്ചതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. സംഭവത്തിൽ അമേരിക്കൻ സൈനികർക്കോ ഉപകരണങ്ങൾക്കോ കേടുപാടുകളില്ല.
ഇതിനിടെ, ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ച നടക്കാനിരിക്കെ മേഖലയിലെ സൈനിക സാന്നിധ്യം യുഎസ് ശക്തമാക്കിയിട്ടുണ്ട്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഉൾപ്പെടെ എല്ലാ വഴികളും പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഡ്രോൺ സംഭവത്തിന് പിന്നാലെ, യുഎസ്–ഇറാൻ ചർച്ചകൾ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈൻ ലീവിറ്റ് അറിയിച്ചു. 'നയതന്ത്രത്തിനാണ് ട്രംപ് മുൻഗണന നൽകുന്നത്. എന്നാൽ സൈനിക നടപടി ഉൾപ്പെടെ എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ട്,' അവർ പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച യുഎസ് പതാകയുള്ള ചരക്കുകപ്പലിനെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് സംഘം ശല്യം ചെയ്തതായും യുഎസ് സൈന്യം അറിയിച്ചു. സൈനിക ഇടപെടലിനെ തുടർന്ന് സ്ഥിതി ശാന്തമായതായും കപ്പൽ സുരക്ഷിതമായി യാത്ര തുടർന്നതായും അധികൃതർ പറഞ്ഞു.
ഇറാനുമായി നടക്കുന്ന ചർച്ചകളിൽ വൈറ്റ് ഹൗസിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് പങ്കെടുക്കുമെന്ന് അറിയിച്ചു. അനുയോജ്യമായ സാഹചര്യമുണ്ടെങ്കിൽ മാത്രമേ ചർച്ചകൾക്ക് തയ്യാറാകൂവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്നും ആയുധ നിർമാണ ലക്ഷ്യമില്ലെന്നും ടെഹ്രാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇറാനെതിരായ കഴിഞ്ഞ വർഷത്തെ ആക്രമണങ്ങൾ ഓർമ്മിപ്പിച്ച ട്രംപ്, വീണ്ടും ആക്രമണമുണ്ടായാൽ അതീവ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും നൽകി.
അമേരിക്കൻ വിമാനവാഹിനിക്കടുത്തേക്ക് എത്തിയ ഇറാനിയൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തി; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം
