യുഡിഎഫിൽ സീറ്റ് ചർച്ച നിർണായകഘട്ടത്തിൽ; ലീഗ് 27 സീറ്റിൽ മത്സരിക്കാൻ ധാരണ

യുഡിഎഫിൽ സീറ്റ് ചർച്ച നിർണായകഘട്ടത്തിൽ; ലീഗ് 27 സീറ്റിൽ മത്സരിക്കാൻ ധാരണ


തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മുസ്ലിം ലീഗ് 27 സീറ്റിൽ മത്സരിക്കുമെന്നതിൽ ഏകദേശ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇത്രതന്നെ സീറ്റുകളിലായിരുന്നു ലീഗ് മത്സരിച്ചത്. ഇതിൽ 25 സീറ്റുകളിൽ കോണി ചിഹ്നത്തിലും രണ്ടിടങ്ങളിൽ സ്വതന്ത്ര ചിഹ്നത്തിലുമായിരുന്നു സ്ഥാനാർഥികൾ.

ചില സീറ്റ് വെച്ചുമാറ്റങ്ങൾ ചർച്ചയായെങ്കിലും തിരുവമ്പാടി മണ്ഡലത്തിൽ മാത്രമാണ് ധാരണയായത്. തിരുവമ്പാടി കോൺഗ്രസ് ഏറ്റെടുത്താൽ പകരം ലീഗിന് മറ്റൊരു സീറ്റ് നൽകും. ഇവിടെ മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.

ലീഗുമായും ആർഎസ്പിയുമായുള്ള ചർച്ചകൾ ഏറെക്കുറെ പൂർത്തിയായി. കേരള കോൺഗ്രസുമായുള്ള ചർച്ചയിൽ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് നാലെങ്കിലും വിട്ടുനൽകണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഒരു സീറ്റും വിട്ടുനൽകില്ലെന്ന നിലപാടിലാണ് ചെയർമാൻ പി.ജെ. ജോസഫ്. എന്നിരുന്നാലും ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ ഉൾപ്പെടെ മൂന്നു സീറ്റെങ്കിലും ലഭിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

ഇടുക്കിയിൽ റോഷിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തിയാൽ വിജയം സാധ്യമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ഇതിനായി ജില്ലാ നേതൃത്വത്തിന് തയ്യാറെടുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

വിജയസാധ്യത കുറഞ്ഞ കോങ്ങാട്, പുനലൂർ മണ്ഡലങ്ങൾ വിട്ടുനൽകാൻ ലീഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ പകരം ഏത് സീറ്റ് നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കളമശ്ശേരി കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഇവിടെ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിച്ചാൽ വിജയം നേടാമെന്ന വിലയിരുത്തലിലാണ് നേതൃത്വം.