എസ്‌ഐആർ വിവാദം: സുപ്രീംകോടതിയിൽ നേരിട്ടെത്തി മമത; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

എസ്‌ഐആർ വിവാദം: സുപ്രീംകോടതിയിൽ നേരിട്ടെത്തി മമത; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്


ന്യൂഡൽഹി: ബംഗാളിലെ വോട്ടർപട്ടിക തീവ്രപരിഷ്‌കരണ (എസ്‌ഐആർ) നടപടികൾ ചോദ്യംചെയ്തുള്ള ഹർജിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദം ഉന്നയിച്ചു. അഭിഭാഷകക്കുപ്പായം അണിഞ്ഞാണ് മമത ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുന്നിലെത്തിയത്.

അഞ്ച് മിനിറ്റ് സമയം അനുവദിക്കണമെന്ന മമതയുടെ അഭ്യർഥന ബെഞ്ച് അംഗീകരിക്കുകയും, തുടർന്ന് 15 മിനിറ്റ് സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു. വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത രൂക്ഷ വിമർശനം ഉന്നയിച്ചു. എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിച്ച് ആറുതവണ കത്തെഴുതിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.

'എവിടെയും ഞങ്ങൾക്ക് നീതി ലഭിക്കുന്നില്ല. നീതി അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കരയുകയാണ്. ജനാധിപത്യം സംരക്ഷിക്കാനാണ് എന്റെ പോരാട്ടം,' മമത ബെഞ്ചിനെ അറിയിച്ചു.

മമതയുടെ ഹർജി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകി. ഇതോടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.