എൻജിനിൽ തീപ്പിടിത്തം; കാഠ്മണ്ഡു-ഇസ്താംബൂൾ വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി

എൻജിനിൽ തീപ്പിടിത്തം; കാഠ്മണ്ഡു-ഇസ്താംബൂൾ വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി


കൊൽക്കത്ത: കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്കു പുറപ്പെട്ട ടർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.49ഓടെയാണ് ടർക്കിഷ് 727 വിമാനം നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

വിമാനത്തിന്റെ വലത് എൻജിനിൽ തീപ്പിടിത്തം ഉണ്ടായേക്കാമെന്ന വിവരം പൈലറ്റ് കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 236 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവിൽ വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.28ന് പറന്നുയർന്നതിന് നാല് മിനിറ്റിനുള്ളിൽ വലത് എൻജിനിൽ തീപിടിത്തമുണ്ടായതായി നേപ്പാൾ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. തുടർന്ന് പൈലറ്റ് എൻജിൻ ഓഫാക്കി വിമാനം കാഠ്മണ്ഡുവിന് പടിഞ്ഞാറായി തിരിച്ചുവിട്ട് ഏകദേശം 10 മിനിറ്റ് വായുവിൽ നിലനിർത്തി സാഹചര്യം വിലയിരുത്തുകയായിരുന്നു.

വിമാനം ദീർഘദൂര യാത്രയ്ക്ക് സുരക്ഷിതമല്ലെന്ന് ക്രൂ വിലയിരുത്തിയതിനെ തുടർന്നാണ് കാഠ്മണ്ഡുവിലേക്കോ ഭൈരഹാവയിലേക്കോ മടങ്ങാതെ കൊൽക്കത്തയിലേക്ക് തിരിച്ചത്. സുരക്ഷയ്ക്ക് മുൻഗണന നൽകി എടുത്ത തീരുമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആളപായമില്ല. യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്.