മണിപ്പൂരിലെ സര്‍ക്കാര്‍ രൂപീകരണം ആശങ്കാജനകമെന്ന് കുക്കികള്‍

മണിപ്പൂരിലെ സര്‍ക്കാര്‍ രൂപീകരണം ആശങ്കാജനകമെന്ന് കുക്കികള്‍


ഇംഫാല്‍: മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ബി ജെ പിയുടെ നീക്കം ആശങ്കാജനകമാണെന്ന് കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇന്‍പി മണിപ്പൂര്‍. ഗുവാഹത്തി കോണ്‍ക്ലേവ് പ്രമേയം അംഗീകരിച്ചിട്ടും കുക്കി വിഭാഗം നേതാവ് നൊംചാ കിപ്‌ജെന്നിനെ മന്ത്രിസഭയില്‍ ചേര്‍ത്തത് തെറ്റാണെന്ന് സംഘടന വ്യക്തമാക്കി. യുംനാം ഖേംചന്ദ് സിങ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായാണ് നൊംചാ കിപ്‌ജെന്‍ അധികാരമേറ്റത്.

പുതിയ സര്‍ക്കാര്‍ മെയ്‌തേയ് കേന്ദ്രീകൃതമായൊരു രാഷ്ട്രീയ ക്രമീകരണം മാത്രമായിരിക്കുമെന്നും സമാധാനമോ നീതിയോ അനുരജ്ഞനമോ നടപ്പിലാക്കാന്‍ കഴിയില്ലെന്നും കുക്കി ഇന്‍പി വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരണത്തോട് കുക്കി എം എല്‍ എമാര്‍ സഹകരിക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. സമാധാനത്തിലും സുസ്ഥിരതയിലും ബി ജെ പിക്ക് ആത്മാര്‍ഥമായ ആശങ്കയുണ്ടെങ്കില്‍ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പകരം കുക്കി- സോ വിഭാഗത്തിന് സ്വീകാര്യമായൊരു രാഷ്ടീയ പരിഹാരം ഉണ്ടാകുന്നത് വരെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.