വെള്ളക്കാരായ ജീവനക്കാരോട് വിവേചനം; കായിക വസ്ത്ര നിർമാതാക്കളായ നൈക്കിനെതിരെ അന്വേഷണം

വെള്ളക്കാരായ ജീവനക്കാരോട് വിവേചനം; കായിക വസ്ത്ര നിർമാതാക്കളായ നൈക്കിനെതിരെ അന്വേഷണം


വാഷിംഗ്ടൺ: ജോലി സ്ഥലങ്ങളിലെ വിവേചനം തടയുന്നതിനുള്ള യുഎസ് ഫെഡറൽ ഏജൻസിയായ ഇക്വൽ എംപ്ലോയ്‌മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷൻ(ഇഇഒസി) പ്രമുഖ കായികവസ്ത്ര നിർമാതാക്കളായ നൈക്കിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (DEI) നയങ്ങളുടെ മറവിൽ വെള്ളക്കാരോട് വിവേചനം നടത്തിയെന്ന പരാതിയിലാണ് നടപടി.

നൈക്ക് -ലെ ജീവനക്കാരുടെ ജാതി-വർഗ ഘടന, പരിശീലന, വികസന പദ്ധതികളിലേക്ക് തെരഞ്ഞെടുത്തവരുടെ പട്ടിക തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ട് നൽകിയ സബ്പീന പാലിക്കാൻ കമ്പനി തയ്യാറായില്ലെന്ന് ഇഇഒസി കോടതിയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കി.

വെള്ളക്കാരായ ജീവനക്കാരെയും ജോലി അപേക്ഷകരെയും ലക്ഷ്യമിട്ട് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് അന്വേഷണം. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് വിലയിരുത്താൻ ആവശ്യമായ വിവരങ്ങളാണ് നൈക്ക് -ൽ നിന്ന് തേടുന്നതെന്നും ഇഇഒസി അറിയിച്ചു. ഇതുസംബന്ധിച്ച് നൈക്ക് പ്രതികരിച്ചിട്ടില്ല.

ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ  പദ്ധതികൾക്കെതിരായ നടപടികൾ ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം. ഇത്തരം പദ്ധതികൾ മെറിറ്റ് അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളെ ബാധിക്കുകയും വെള്ളക്കാരോടും പുരുഷന്മാരോടും 'വിവേചനം' സൃഷ്ടിക്കുകയുമാണെന്ന വിമർശനം ശക്തമാണ്.

 'ഒരു സ്ഥാപനത്തിന്റെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നയങ്ങൾ നിയമവിരുദ്ധമാണെന്ന് ശക്തമായ സൂചന ലഭിച്ചാൽ, സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ സബ്പീന നടപ്പാക്കൽ ഉൾപ്പെടെ എല്ലാ നടപടികളും ഇഇഒസി സ്വീകരിക്കുമെന്ന്   ചെയർ ആൻഡ്രിയ ലൂക്കസ് പറഞ്ഞു.
ജീവനക്കാരുടെ പരാതികളിൽ നിന്നാണ് സാധാരണയായി ഇത്തരം അന്വേഷണങ്ങൾ ആരംഭിക്കുക. എന്നാൽ നൈക്കിനെതിരായ കേസ് അപൂർവമായി കമ്മീഷണർ തന്നെ ആരംഭിച്ച 'കമ്മീഷണർ ചാർജ്' വഴിയാണെന്ന് കോടതിയിൽ നൽകിയ രേഖ വ്യക്തമാക്കുന്നു.