ദശാബ്ദങ്ങളായി നിരവധി സ്ത്രീകളെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തെന്ന കേസില്‍ ന്യൂയോര്‍ക്ക് കോടതി ശിക്ഷ വിധിച്ചു; കുറ്റം നിഷേധിച്ച് പ്രതികള്‍
ന്യൂയോര്‍ക്ക്: മയക്കുമരുന്ന് നല്കി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ അലക്സാണ്ടര്‍ സഹോദരന്മാരായ ടാല് അലക്സാണ്ടര്‍ (40), ഇരട്ടസഹോദരങ്ങളായ ഓറന്, അലോണ്‍ അലക്സാണ്ടര്‍ (39) എന്നിവര്‍ക്ക് 30 വര്‍ഷം വീതം തടവുശിക്ഷ. ന്യൂയോര്‍ക്കിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. അധിക കുറ്റങ്ങള്‍ക്ക് 20 വര്‍ഷം വീതം തടവും വിധിച്ചെങ്കിലും ശിക്ഷകള്‍ ഒരേസമയം അനുഭവിച്ചാല്‍ മതിയെന്ന് ജഡ്ജി വലേരി കാപ്രോണി വ്യക്തമാക്കി.
സമ്പത്തും സാമൂഹിക സ്വാധീനവും ഉപയോഗിച്ച് സ്ത്രീകളെ പാര്‍ട്ടികളിലേക്കും ആഡംബര വീടുകളിലേക്കും ആകര്‍ഷിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സഹോദരന്മാര്ക്കെതിരായ കേസ്. ഇവര്‍ കുറ്റക്കാരാണെന്ന് മാര്‍ച്ചില്‍ കോടതി കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച നടന്ന ശിക്ഷാവിധി നടപടിക്കിടെ 12 ഇരകള്‍ കോടതിയില്‍ തങ്ങള്‍ അനുഭവിച്ച മാനസികാഘാതങ്ങള്‍ വിവരിച്ചു. വിചാരണയ്ക്കിടെ മൊഴി നല്‍കാതിരുന്ന ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. പലരും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2014ല്‍ ടാല് അലക്സാണ്ടര്‍ തന്നെ ബലാത്സംഗം ചെയ്തതിനു പിന്നാലെ സുരക്ഷിതത്വബോധം നഷ്ടപ്പെട്ടതായി മായ മില്ലര്‍ കോടതിയില്‍ പറഞ്ഞു. സംഭവം നടന്നില്ലായിരുന്നെങ്കില്‍ താന്‍ ആരായി മാറുമായിരുന്നുവെന്ന ചിന്തയുടെ ദുഃഖം ഇപ്പോഴും ഉള്ളിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.
തനിക്ക് 16 വയസ്സുള്ളപ്പോള്‍ ടാലും അലോണും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി 'ഐസ ബ്രൂക്സ്' എന്ന മറുപേര് ഉപയോഗിച്ച മറ്റൊരു ഇര മൊഴി നല്കി. സംഭവത്തിനുശേഷം സ്വന്തം തീരുമാനങ്ങളെപ്പോലും വിശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു. പീഡനത്തെക്കുറിച്ച് പുറത്തുപറയാന്‍ ശ്രമിച്ചപ്പോള്‍ തന്റെ സഹോദരി ജോലി ചെയ്യുന്ന സ്ഥലം അറിയാമെന്ന് പറഞ്ഞ് ടാല് ഭീഷണിപ്പെടുത്തിയതായും മറ്റൊരു സ്ത്രീ വെളിപ്പെടുത്തി.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ എലിസബത്ത് എസ്പിനോസ ആവശ്യപ്പെട്ടു. ആഡംബരജീവിതത്തിന്റെ വാഗ്ദാനങ്ങള്‍ നല്കി സ്ത്രീകളെ വശീകരിക്കുന്ന രീതി വര്‍ഷങ്ങളായി ഇവര്‍ പിന്തുടര്‍ന്നുവെന്നും ഇരകളുടെ ദുരിതത്തില്‍ പ്രതികള്‍ക്ക് യാതൊരു പരിഗണനയും ഉണ്ടായിരുന്നില്ലെന്നും അവര്‍ കോടതിയില്‍ വാദിച്ചു.
അതേസമയം, സഹോദരന്മാര്ക്ക് 15 വര്‍ഷം വീതം തടവ് മതിയെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം. കുടുംബത്തോടും മക്കളോടും പ്രതികള്‍ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം. കോടതിയില്‍ സംസാരിച്ച മൂവരും തങ്ങള്‍ നിരപരാധികളാണെന്ന നിലപാട് ആവര്‍ത്തിച്ചു. തങ്ങളുടെ ജീവിതശൈലി ' കഠിനാധ്വാനം ചെയ്യുക, ആഘോഷിക്കുക' എന്നതായിരുന്നുവെന്നും തന്റെ പെരുമാറ്റം മറ്റുള്ളവരെ വേദനിപ്പിച്ചെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും ടാല് പറഞ്ഞു.
എന്നാല്‍, ചെയ്ത തെറ്റുകള്‍ അംഗീകരിക്കാന്‍ പ്രതികള്‍ തയ്യാറാകാത്തതിനെ ജഡ്ജി വിമര്‍ശിച്ചു. തെറ്റുകള്‍ സമ്മതിക്കാത്ത ഒരാള്‍ക്ക് എങ്ങനെ സ്വഭാവപരിഷ്കരണം സാധ്യമാകുമെന്നായിരുന്നു അവരുടെ ചോദ്യം.
അഞ്ചാഴ്ച നീണ്ട വിചാരണയില്‍ 11 സ്ത്രീകളാണ് സഹോദരന്മാര്ക്കെതിരെ മൊഴി നല്‍കിയത്. ഇവരില്‍ ചിലര്‍ പീഡനസമയത്ത് പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്നും പറഞ്ഞു. സമ്മാനങ്ങള്‍ നല്‍കിയും ആസ്പന്‍, ബഹാമാസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കിയും സ്ത്രീകളെ ആകര്‍ഷിച്ചശേഷം മദ്യത്തിലോ പാനീയങ്ങളിലോ മയക്കുമരുന്ന് കലര്‍ത്തി ബലാത്സംഗം ചെയ്തെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇരകളെ ശാരീരികമായി നിയന്ത്രിക്കുകയും നിലവിളികളും എതിര്‍പ്പുകളും അവഗണിക്കുകയും ചെയ്തതായും പ്രോസിക്യൂഷന് വാദിച്ചു.
ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും തങ്ങളുടെ കക്ഷികള്‍ സ്ത്രീകളുമായി നിരവധി ബന്ധങ്ങളുണ്ടായിരുന്നവരാണെങ്കിലും പീഡകരല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ടാലും ഓറനും ന്യൂയോര്‍ക്കിലും മയാമിയിലും ആഡംബര റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയിലൂടെ സമ്പന്നരായവരാണ്. അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡഗ്ലസ് എല്ലിമാനില് ജോലി ചെയ്തിരുന്ന ഇരുവരും 2022ല്‍ 'ഒഫീഷ്യല്‍' എന്ന പേരില്‍ സ്വന്തം സ്ഥാപനം ആരംഭിച്ചു. അലോണ്‍ കുടുംബത്തിന്റെ സ്വകാര്യ സുരക്ഷാ സ്ഥാപനമായ കെന്റ് സെക്യൂരിറ്റിയിലാണ് ജോലി ചെയ്തിരുന്നത്.
