റിയാദ്: സൗദി പ്രതിരോധ മന്ത്രാലയത്തെയും രാജ്യത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ റാസ് തനൂറയെയും ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. സൗദി തലസ്ഥാനമായ റിയാദില്‍ സ്‌ഫോടനമുണ്ടായതായും റാസ് തനൂറ മേഖലയില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയും സമുദ്രസുരക്ഷാ നിരീക്ഷണ ഏജന്‍സിയായ വാന്‍ഗാര്‍ഡും റിപ്പോര്‍ട്ട് ചെയ്തു.
സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാകിസ്താന്‍, തുര്‍ക്കി പ്രതിനിധികളും പങ്കെടുത്ത പ്രാദേശിക സുരക്ഷാ ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ആക്രമണവാര്‍ത്ത പുറത്തുവന്നത്.
റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയത്തെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടെന്നും മിസൈല്‍ നേരിട്ട് പതിച്ചെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ എണ്ണശുദ്ധീകരണശാലയ്ക്കു നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്നും വന്‍ തീപിടിത്തമുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈല്‍ പതിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടില്ല. തലസ്ഥാനത്ത് സ്‌ഫോടനശബ്ദം കേട്ടതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിക്കുന്ന സന്ദേശവും അയച്ചിരുന്നു. നഗരത്തിന് നേരെ വിക്ഷേപിച്ച രണ്ട് ഹൂതി ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞുനശിപ്പിച്ചതായി സൗദി അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
റാസ് തനൂറ എണ്ണശുദ്ധീകരണശാലയ്ക്കു നേരെ ഹൂതികള്‍ നേരിട്ട് മിസൈല്‍ ആക്രമണം നടത്തിയെന്ന കാര്യത്തില്‍ സൗദി അധികൃതരോ സൗദി അരാംകോയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും പങ്കുവയ്ക്കുന്നതും സൗദി ആഭ്യന്തര മന്ത്രാലയവും സിവില്‍ ഡിഫന്‍സ് അധികൃതരും കര്‍ശനമായി നിയന്ത്രിച്ചിട്ടുള്ളതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല.
തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നാശനഷ്ടങ്ങളുടെയും എണ്ണ കയറ്റുമതി പ്രവര്‍ത്തനങ്ങളിലുണ്ടായേക്കാവുന്ന തടസ്സങ്ങളുടെയും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് വാന്‍ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ എണ്ണശുദ്ധീകരണശാലയാണ് റാസ് തനൂറ. പ്രതിദിനം 5.5 ലക്ഷം ബാരല്‍ എണ്ണ സംസ്‌കരിക്കാനുള്ള ശേഷിയുള്ള കേന്ദ്രമാണിത്. മാര്‍ച്ചില്‍ ആരംഭിച്ച പ്രാദേശിക സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളിലും ഈ കേന്ദ്രം ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ രണ്ട് സൈനിക ഗതാഗത വിമാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. നജ്‌റാന്‍ വിമാനത്താവളത്തിലുള്ള ഒരു വിമാനത്തെയും ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിലുള്ള മറ്റൊരു വിമാനത്തെയും ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടെന്നാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീഅ് പറഞ്ഞത്.
തെക്കന്‍ സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണവും നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. ഈ അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ഹൂതികളുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തുന്നതിനും സൗദിയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി സൗദി അറേബ്യ 100 കോടി ഡോളര്‍ വാഗ്ദാനം ചെയ്തതായി ഇസ്രയേല്‍ മാധ്യമമായ ഇസ്രയേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മധ്യസ്ഥതയിലൂടെയാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍, സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറാന്‍ സന്ദര്‍ശനവേളയില്‍ ഈ തുക സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചതായും അവകാശപ്പെടുന്നു. തുര്‍ക്കിയും പാകിസ്താനും ഈ നയതന്ത്ര നീക്കത്തില്‍ പങ്കാളികളായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, ഈ സാമ്പത്തിക വാഗ്ദാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനോട് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുള്ള സംയുക്ത നീക്കത്തിന്റെ ഭാഗമായി ഇറാനിലേക്കുള്ള ഔദ്യോഗിക നയതന്ത്ര സന്ദര്‍ശനം നടന്നതായി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
2023-ല്‍ മുന്നോട്ടുവച്ച ഒരു ധാരണാ ചട്ടക്കൂട് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ മേഖലകളിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവും അടിസ്ഥാനസൗകര്യങ്ങളുടെ പുനര്‍നിര്‍മാണവും സൗദി അറേബ്യ ഏറ്റെടുക്കുകയും പകരമായി സൗദി എണ്ണകേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അന്നത്തെ ധാരണയുടെ പ്രധാന ലക്ഷ്യം.
എന്നാല്‍, ഹൂതികള്‍ക്ക് 100 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടിനോ അതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
