ടെല്‍ അവീവ്: ഇസ്രയേലില്‍ അറബ് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിക്കുന്നുവെന്ന ആശങ്കയ്ക്കിടെ വോട്ടെടുപ്പ് സമയം നീട്ടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് പാര്‍ട്ടി അപേക്ഷ നല്‍കിയത്.
വോട്ടെടുപ്പ് സമയം നീട്ടാന്‍ അപേക്ഷ സമര്‍പ്പിച്ചതായി ലിക്കുഡ് പാര്‍ട്ടി ടെലിഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിന് അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, രാത്രി പത്തുമണിയാകുമ്പോഴും വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് അവസരം നല്‍കുന്നതിനായി പോളിംഗ് സമയം നീട്ടുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഉച്ചയ്ക്ക് രണ്ടുവരെ 44.9 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. ഈ സമയത്തെ കണക്കില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിതെന്നും 1973-ലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
120 അംഗങ്ങളുള്ള നെസെറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 73 ലക്ഷത്തിലധികം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. രാജ്യത്തുടനീളമുള്ള 12,018 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ്.
'യഹൂദ രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്'
ഇസ്രയേല്‍ ജനസംഖ്യയുടെ ഏകദേശം 21 ശതമാനമാണ് അറബ് പൗരന്മാര്‍. ഏകദേശം 21 ലക്ഷം പേരാണ് ഈ വിഭാഗത്തിലുള്ളത്. 2022-ലെ തെരഞ്ഞെടുപ്പില്‍ അറബ് വോട്ടര്‍മാരുടെ പങ്കാളിത്തം 53 ശതമാനത്തോളമായിരുന്നു. ഇത്തവണ ഇത് 63 മുതല്‍ 70 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ചില അറബ് മേഖലകളില്‍ പോളിംഗ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ നീണ്ട നിരകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും വലിയ അറബ് നഗരമായ റഹാത്തില്‍ ഉച്ചയോടെ 36.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലിക്കുഡ് പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട വീഡിയോയില്‍, തെക്കന്‍ ഇസ്രയേലിലെ അറബ് വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തുകയാണെന്നും തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് എതിരാക്കാന്‍ ശ്രമിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു.
വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംശയത്തില്‍ റാഅം പാര്‍ട്ടിയുടെ മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ടുകളും അദ്ദേഹം പരാമര്‍ശിച്ചു. നെഗെവ് മേഖലയില്‍ അറബ് വോട്ടര്‍മാരുടെ പങ്കാളിത്തം ജൂത വോട്ടര്‍മാരുടേതിനെക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും നെതന്യാഹു അവകാശപ്പെട്ടു.
ലിക്കുഡ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ എല്ലാവരും പോളിംഗ് സ്റ്റേഷനുകളിലെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ശക്തമായ വലതുപക്ഷ വോട്ടിംഗ് ഉണ്ടായില്ലെങ്കില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കി. യഹൂദ രാഷ്ട്രത്തിന്റെ ഭാവി തന്നെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗതാഗതമന്ത്രി മിറി റെഗേവും അറബ് വോട്ടര്‍മാരുടെ ഉയര്‍ന്ന പങ്കാളിത്തത്തെ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പും രാജ്യവും തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും ഉയര്‍ന്ന പോളിംഗിന് കാരണം അറബ് വോട്ടര്‍മാരുടെ വര്‍ധിച്ച പങ്കാളിത്തമാണെന്ന് ആരോപിച്ചു.
സമയം നീട്ടാനുള്ള ആവശ്യത്തിനെതിരെ പ്രതിപക്ഷം
നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഗാദി ഐസന്‍കോറ്റിന്റെ യാഷര്‍ പാര്‍ട്ടി, വോട്ടെടുപ്പ് സമയം നീട്ടണമെന്ന ലിക്കുഡിന്റെ ആവശ്യത്തെ എതിര്‍ത്തു. സമയം നീട്ടാന്‍ ന്യായീകരിക്കുന്ന തരത്തിലുള്ള അസാധാരണ സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള സാഹചര്യം മുന്‍കൂട്ടി സൃഷ്ടിക്കുകയാണ് ലിക്കുഡിന്റെ നീക്കമെന്നും രാവിലെ മുതല്‍ നെതന്യാഹു പ്രചരിപ്പിക്കുന്ന തെറ്റായ ആരോപണങ്ങളുടെ തുടര്‍ച്ചയാണിതെന്നും യാഷര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.
ജൂത മേഖലകളിലെ പോളിംഗ് നിരക്ക് അറബ് മേഖലകളിലേതിനെക്കാള്‍ ഉയര്‍ന്നതാണെന്നും അതിനാല്‍ നെതന്യാഹുവിന്റെ വാദങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും ജോയിന്റ് ലിസ്റ്റ് പ്രതികരിച്ചു. സഖ്‌നീന്‍, നെഗെവ് എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങള്‍ നെതന്യാഹു പ്രചരിപ്പിച്ചതായും പാര്‍ട്ടി ആരോപിച്ചു.
ചില അറബ് മേഖലകളില്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ നടപടികള്‍ മന്ദഗതിയിലായതായും പോളിംഗ് സ്റ്റേഷനുകളില്‍ നീണ്ട ക്യൂ രൂപപ്പെട്ടതായും പരാതികളുണ്ട്. ഈ കാലതാമസം മനഃപൂര്‍വമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകള്‍ വേണം
120 അംഗങ്ങളുള്ള ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 61 സീറ്റുകളുടെ പിന്തുണ ആവശ്യമാണ്. വോട്ടെണ്ണലിന്റെ പുരോഗതിയനുസരിച്ച് ബുധനാഴ്ച പുലര്‍ച്ചെയോടെ ഫലത്തിന്റെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഔദ്യോഗിക ഫലങ്ങള്‍ നവംബര്‍ നാലിന് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡീന്‍ ലിവ്‌നെ നേരത്തേ വ്യക്തമാക്കിയതനുസരിച്ച്, രാത്രി പത്തുമണിക്കുശേഷവും വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് അവസരം നല്‍കും.
