സെബു: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഫിലിപ്പീന്‍സിലെ സെബുവില്‍ നടക്കുന്ന 13-ാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തുന്നത്.
ഫിലിപ്പീന്‍സിന്റെ ആസിയാന്‍ അധ്യക്ഷ പദവിയുടെ ഭാഗമായി ലാപു- ലാപു സിറ്റിയില്‍ ഒക്ടോബര്‍ 28, 29 തിയ്യതികളിലാണ് സമ്മേളനം നടക്കുന്നത്. ആസിയാന്‍ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ക്കു പുറമേ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ എട്ട് സംവാദ പങ്കാളി രാജ്യങ്ങളിലെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍നിന്ന് യാത്രതിരിച്ച രാജ്നാഥ് സിങ്, പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷാ വിഷയങ്ങളെക്കുറിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കും. പ്രതിരോധ രംഗത്തെ കൂടിയാലോചനകള്‍ക്കുള്ള മേഖലയിലെ പ്രധാന വേദിയാണ് സമ്മേളനം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി ആസിയാന്‍ കേന്ദ്രസ്ഥാനത്തുള്ള പ്രാദേശിക സഹകരണത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
പത്തുവര്‍ഷത്തെ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട്
ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണത്തിന് പുതിയ ദിശാബോധം നല്‍കിയ പത്തുവര്‍ഷത്തെ ചട്ടക്കൂടില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച് ഏകദേശം ഒരു വര്‍ഷം തികയുന്നതിനിടെയാണ് പുതിയ കൂടിക്കാഴ്ച. 2025 ഒക്ടോബര്‍ 31-ന് ക്വാലാലംപൂരില്‍ നടന്ന മുന്‍ സമ്മേളനത്തോടനുബന്ധിച്ചാണ് യു എസ്- ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള പത്തുവര്‍ഷത്തെ ചട്ടക്കൂടില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
സൈനിക സംവിധാനങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കല്‍, വിവരങ്ങള്‍ പങ്കുവയ്ക്കല്‍, പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം, ശാസ്ത്ര- സാങ്കേതിക രംഗത്തെ സംയുക്ത പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ എന്നിവയാണ് ചട്ടക്കൂടിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇരുരാജ്യങ്ങളും ഈ കരാറിനെ പ്രതിരോധ പങ്കാളിത്തത്തിലെ പുതിയ ഘട്ടത്തിന്റെ തുടക്കമായാണ് വിശേഷിപ്പിച്ചത്.
ചട്ടക്കൂടില്‍ ഒപ്പുവെച്ചതിനുശേഷവും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം തുടരുകയാണ്. സെപ്റ്റംബറില്‍ നടന്ന 22-ാമത് സംയുക്ത സൈനികാഭ്യാസമായ 'യുദ്ധ് അഭ്യാസ്' ഇരുരാജ്യങ്ങളിലെയും സൈനികര്‍ക്ക് സംയുക്ത പരിശീലനത്തിന് അവസരമൊരുക്കി. ഇന്ത്യയില്‍നിന്നും അമേരിക്കയില്‍ നിന്നുമായി ഏകദേശം 600 സൈനികര്‍ വീതമാണ് ഉത്തരാഖണ്ഡിലെയും രാജസ്ഥാനിലെയും പരിശീലന കേന്ദ്രങ്ങളില്‍ പങ്കെടുത്തത്.
പര്‍വത- മരുഭൂമി മേഖലകളിലെ സൈനിക നീക്കങ്ങള്‍, സംയുക്ത വെടിവയ്പ് പരിശീലനം, ആളില്ലാ വിമാനങ്ങളുടെയും സ്വയംപ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെയും ഉപയോഗം എന്നിവ അഭ്യാസത്തിന്റെ ഭാഗമായി. ഇന്ത്യയുടെ പിനാക റോക്കറ്റ് സംവിധാനവും അമേരിക്കയുടെ ഹൈമാര്‍സ് റോക്കറ്റ് സംവിധാനവും ഉള്‍പ്പെടുത്തിയുള്ള പരിശീലനവും നടന്നു.
പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത ഉത്പാദനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ പുരോഗമിക്കുന്നുണ്ട്. ജാവലിന്‍ ടാങ്ക്വേധ മിസൈലുകളുമായി ബന്ധപ്പെട്ട പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
അമേരിക്കന്‍ നിര്‍മിത പ്രതിരോധ ഉപകരണങ്ങളുടെ ഉപയോഗവും ഇന്ത്യന്‍ സായുധസേനയില്‍ വ്യാപകമാണ്. പി-8ഐ സമുദ്ര നിരീക്ഷണ വിമാനങ്ങള്‍, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍, ചിനൂക്ക് ഹെലികോപ്റ്ററുകള്‍, സി-17 സൈനിക ചരക്കുവിമാനങ്ങള്‍ എന്നിവ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്.
