മാന്‍ഹട്ടന്‍ ഭാഗത്തേക്ക് വാഹനമോടിക്കാന്‍ ടോള്‍ 15 ഡോളര്‍; യു എസ് നഗരങ്ങളില്‍ ഇതാദ്യം

മാന്‍ഹട്ടന്‍ ഭാഗത്തേക്ക് വാഹനമോടിക്കാന്‍ ടോള്‍ 15 ഡോളര്‍; യു എസ് നഗരങ്ങളില്‍ ഇതാദ്യം


ന്യൂയോര്‍ക്ക്: മാന്‍ഹട്ടന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് 15 ഡോളര്‍ ഫീസ് ഈടാക്കാന്‍ ട്രാന്‍സിറ്റ് ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കിയതോടെ തിരക്കിനുളള ടോള്‍ ഈടാക്കുന്ന ആദ്യ നഗരമായി മാറി. ജൂണില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന കണ്‍ജഷന്‍ പ്രൈസിംഗ് പ്ലാനിനെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി ബോര്‍ഡ് അംഗങ്ങള്‍ പിന്തുണച്ചു.

മാസങ്ങള്‍ക്ക് മുമ്പ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ച പ്ലാനില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ളൂ. കൂടാതെ ഡസന്‍ കണക്കിന് യാത്രക്കാരുടെ ഗ്രൂപ്പുകള്‍ പ്ലാന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭ്യര്‍ഥന തള്ളുകയായിരുന്നു. 

സെന്‍ട്രല്‍ പാര്‍ക്കിന് തെക്ക് ഭാഗത്തുള്ള സോണായ 60-ാം സ്ട്രീറ്റിന് തെക്ക് മാന്‍ഹട്ടനിലേക്ക് പകല്‍സമയത്ത് ഓടിക്കുന്ന മിക്ക യാത്രാ വാഹനങ്ങള്‍ക്കും 15 ഡോളര്‍ ടോള്‍ ഈടാക്കും. വലിയ വാഹനങ്ങള്‍ക്ക് ടോള്‍ തുക കൂടും. രാത്രി വൈകി നഗരത്തിലേക്കുള്ള പ്രവേശനത്തിനും മോട്ടോര്‍ സൈക്കിളുകള്‍ക്കും ടോള്‍ കുറയും.

കൂടുതല്‍ ആളുകളെ പൊതുഗതാഗതം ഉപയോഗിക്കാനും തിരക്ക് കുറയ്ക്കാനും പൊതു ബസുകളും എമര്‍ജന്‍സി വാഹനങ്ങളും വേഗത്തിലാക്കാനും മലിനീകരണം കുറയ്ക്കാനും സബ്വേ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പണം സ്വരൂപിക്കാനും ടോള്‍ സഹായിക്കുമെന്നാണ് ടോളിനെ അനുകൂലിക്കുന്നവര്‍ പറുന്നത്.

2019-ല്‍ സംസ്ഥാന നിയമസഭ ടോളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും കോവിഡും മറ്റു കാര്യങ്ങളും പദ്ധതി വൈകുകയായിരുന്നു. നഗരത്തിലെ നാല് ദശലക്ഷം പ്രതിദിന യാത്രക്കാര്‍ക്കായി പൊതു സബ്വേയ്ക്കും ബസ് സംവിധാനങ്ങള്‍ക്കുമായി പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്നാണ് പദ്ധതി ഉദ്ദേശിക്കുന്നത്.