റിച്ച്മണ്ട്, ടെക്സസ്: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. ഒരാഴ്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം റിച്ച്മണ്ടിലെ കൗണ്ടി ജസ്റ്റിസ് സെന്ററിലെ ജൂറിയാണ് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിൽ നിന്നും 46,500 ഡോളർ (ഏകദേശം 39 ലക്ഷം രൂപ) രണ്ട് ഘട്ടങ്ങളിലായി വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിലൂടെ നിക്ഷേപകരെ വഞ്ചിച്ചു എന്നതാണ് കെ.പി. ജോർജിനെതിരെയുള്ള കുറ്റം. എന്നാൽ ഇത് മോഷണമല്ലെന്നും താൻ മുമ്പ് നൽകിയ തുക തിരിച്ചെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ വാദിച്ചത്.
വിചാരണയുടെ തുടക്കത്തിൽ, താൻ നിരപരാധിയാണെന്ന് തെളിയുമെന്നും നീതി ലഭിക്കുമെന്നും കെ.പി. ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട സാക്ഷി വിസ്താരത്തിനും വാദപ്രതിവാദങ്ങൾക്കും ശേഷം ജൂറി അദ്ദേഹത്തെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയായിരുന്നു.
രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളാണ് അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നത്. ഇതിൽ തേർഡ് ഡിഗ്രി ഫെലണി കുറ്റമാണ് തെളിയിക്കപ്പെട്ടത്. രണ്ട് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ശിക്ഷാ കാലാവധി നിശ്ചയിക്കുന്ന ചുമതല ജോർജ് കോടതിക്ക് വിട്ടുനൽകി. ജയിൽ ശിക്ഷയ്ക്ക് പുറമേ കൗണ്ടി ജഡ്ജി സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഉടനടി നീക്കം ചെയ്യും. അതേസമയം, കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന സ്റ്റേറ്റ് ഫെലണി കുറ്റാരോപണം ജൂറി തള്ളി.
