ബൈഡന്‍ പഴയ ബൈഡനല്ല; മത്സരത്തില്‍നിന്ന് പിന്മാറണം: ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണി

ബൈഡന്‍ പഴയ ബൈഡനല്ല; മത്സരത്തില്‍നിന്ന് പിന്മാറണം: ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണി


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ദിനം പ്രതി ശക്തമാവുകയാണ്. ഡെമോക്രാറ്റ് നേതൃനിരയില്‍ നിന്നും പരമ്പരാഗത വോട്ടര്‍മാരില്‍ നിന്നും ഒരുപോലെ ബൈഡനെതിരെ എതിര്‍പ്പ് ഉയരുന്നതിനൊപ്പം അമേരിക്കയിലെ പ്രമുഖരായ വ്യക്തികളും പിന്മാറ്റ ആവശ്യവുമായി രംഗത്തെത്തുന്നുണ്ട്.

ഹോളിവുഡ് താരവും ഡെമോക്രാറ്റ് പാര്‍ട്ടി അനുഭാവിയുമായ ജോര്‍ജ് ക്ലൂണിയാണ് ബൈഡന്‍ പിന്മാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ഏറ്റവും ഒടുവിലെ പ്രമുഖന്‍. 2020 ല്‍ ട്രംപിനെ പരാജയപ്പെടുത്തിയ ബൈഡനല്ല ഇപ്പോഴത്തെ ബൈഡന്‍ എന്നാണ് ക്ലൂണി പറയുന്നത്. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും ബൈഡനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മറ്റ് ആരെയെങ്കിലും കണ്ടെത്തണമെന്നും ക്ലൂണി ആവശ്യപ്പെട്ടു.

ഡൊമാക്രാറ്റ് പാര്‍ട്ടിയിലെ പത്തോളം മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊതുവേദികളിലെ ബൈഡന്റെ പ്രകടനം നിരാശാജനകമാണ് എന്നാണ് പാര്‍ട്ടിക്കുള്ളിലെ അടക്കം പറച്ചില്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ ട്രംപിന് മുന്നില്‍ പതറിയ ബൈഡന്‍ മോശം പ്രകടനം കാഴ്ചവെച്ചതോടെയാണ് സ്ഥാനാര്‍ത്ഥിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.