കൂട്ടക്കൊലയ്ക്കു പിന്നാലെ ഇറാനിൽ വീണ്ടും ജനരോഷം; ഖമെനെയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ, വിദ്യാർത്ഥികളും ഡോക്ടർമാരും പ്രതിഷേധത്തിൽ

കൂട്ടക്കൊലയ്ക്കു പിന്നാലെ ഇറാനിൽ വീണ്ടും ജനരോഷം; ഖമെനെയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ, വിദ്യാർത്ഥികളും ഡോക്ടർമാരും പ്രതിഷേധത്തിൽ


ടെഹ്‌റാൻ: കഴിഞ്ഞ മാസം പ്രതിഷേധക്കാർക്കെതിരേ നടന്ന രൂക്ഷമായ അടിച്ചമർത്തലിന് പിന്നാലെ ഇറാനിൽ വീണ്ടും ജനരോഷം ശക്തമാകുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്ന പശ്ചാത്തലത്തിൽ, ശവസംസ്‌കാരങ്ങളും അനുസ്മരണ ചടങ്ങുകളും ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങളുടെ വേദികളായി മാറിയിരിക്കുകയാണ്. 

'ഖമെനെയ്ക്ക് മരണം' എന്ന വിളികളോടെയാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. സ്‌കൂളുകളിൽ ദേശീയഗാനം പാടാൻ വിദ്യാർത്ഥികൾ വിസമ്മതിക്കുകയും കൊല്ലപ്പെട്ട സഹപാഠികൾക്കായി സർവകലാശാലകളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രതിഷേധങ്ങളിൽ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടർമാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്തതിനെതിരെ മെഡിക്കൽ വിദ്യാർത്ഥികളും കുത്തിയിരിപ്പ് സമരങ്ങൾ നടത്തി. 'തടവിലായ വിദ്യാർത്ഥികളെ വിട്ടയക്കുക, മാന്യരായ ഡോക്ടർമാരെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഇവരുടെ സമരം. ഭരണകൂടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രമുഖ നടി എൽനാസ് ഷാക്കർദൂസ്റ്റ് അഭിനയജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി മിർ ഹൊസൈൻ മൂസവി അടക്കമുള്ള പ്രമുഖരായ വിമത നേതാക്കൾ ഭരണകൂടം മാറ്റേണ്ട സമയമാണിതെന്ന് തുറന്നടിച്ചു. ഖമെനെയ്‌ക്കെതിരേ 17 സിവിൽ സമൂഹ പ്രവർത്തകർ പുറത്തിറക്കിയ തുറന്ന കത്തിൽ കൂട്ടക്കൊലയെ 'മനുഷ്യത്വവിരുദ്ധ കുറ്റം' എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ഒപ്പുവച്ചവരിൽ ചിലർ അറസ്റ്റ് ചെയ്യപ്പെട്ടതും ജനരോഷം ഉയരാൻ കാരണമായി. മനുഷ്യാവകാശ സംഘടനകളുടെ കണക്കുപ്രകാരം ഡിസംബർ അവസാനം മുതൽ ഏകദേശം 7,000 പേർ കൊല്ലപ്പെടുകയും 50,000ത്തിലധികം പേർ അറസ്റ്റിലാവുകയും ചെയ്തു; എന്നാൽ സർക്കാർ കണക്കുകൾ പ്രകാരം മരണസംഖ്യയും അറസ്റ്റും കുറവാണ്. പ്രതിഷേധത്തിനുശേഷം വീടുകളിലും ആശുപത്രികളിലും സുരക്ഷാസേന റെയ്ഡ് നടത്തി പരിക്കേറ്റവരെ പിടികൂടുന്നതായും ഇവരെ ചികിത്സിച്ച ഡോക്ടർമാരെ തടവിലാക്കുന്നതായും ആരോപണമുണ്ട്. 

ഇതിനിടെ ഇറാൻ തീരത്ത് യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പ്രതിഷേധക്കാരെ കൊല്ലരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; നയതന്ത്ര പരിഹാരം തേടി യുഎസും ഇറാനും ഒമാനിൽ ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണ്. ചെറിയ ഇളവുകളായി ചില തടവുകാരെ ജാമ്യത്തിൽ വിട്ടയക്കുകയും സ്ത്രീകൾക്ക് മോട്ടോർസൈക്കിൾ ലൈസൻസ് അനുവദിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചെങ്കിലും, ജനരോഷം ശമിക്കുമെന്ന് കരുതാനാവില്ല. ജനുവരി 8-9ലെ കൊലപാതകങ്ങളുടെ 40ാം ദിനമായ ഫെബ്രുവരി 17-18 തീയതികളിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധംസംഘടിപ്പിക്കാൻ വ്യാപാരികളും ആഹ്വാനം ചെയ്തിരിക്കുകയാണ്.