വാഷിംഗ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍ സംരംഭകനായ വിവേക് രാമസ്വാമിയും ഭാര്യ അപൂര്‍വയും തങ്ങള്‍ക്കൊരു മകള്‍ ജനിച്ചതായി അറിയിച്ചു. ആശുപത്രിയില്‍ നിന്നുള്ള കുടുംബ ചിത്രത്തോടൊപ്പം സന്തോഷവാര്‍ത്ത പങ്കുവെച്ച ദമ്പതികള്‍ മകളെ സാവിത്രിയെന്നാണ് വിളിച്ചത്.
അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്നും ഒഹായോയിലെ ജനങ്ങളും രാജ്യത്തുടനീളമുള്ള സുഹൃത്തുക്കളും നല്‍കിയ പ്രാര്‍ഥനകള്‍ക്കും സ്നേഹസന്ദേശങ്ങള്‍ക്കും കുടുംബം ഹൃദയപൂര്‍വ്വം നന്ദിയുള്ളവരാണെന്നും അദ്ദേഹം കുറിച്ചു.
രണ്ടാം തലമുറ ഇന്ത്യന്‍- അമേരിക്കനായ രാമസ്വാമി നിലവില്‍ ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. കേരളത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്. ഒഹായോയിലെ ഒരു ജിഇ ഫാക്ടറിയിലാണ് അവര്‍ ജോലി ചെയ്തിരുന്നത്.
40 വയസ്സുള്ള വിവേക് രാമസ്വാമി ആരോഗ്യസാങ്കേതിക സംരംഭകന്‍, കണ്‍സര്‍വേറ്റീവ് രാഷ്ട്രീയ നിരൂപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠനം നടത്തിയ ശേഷം യേല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം പിന്നീട് ഹെഡ്ജ് ഫണ്ട് നിക്ഷേപകനായി പ്രവര്‍ത്തിച്ചു. 2014-ല്‍ അദ്ദേഹം റോയിവന്റ് സയന്‍സസ് സ്ഥാപിക്കുകയും, 2015- 16 കാലഘട്ടത്തില്‍ നടന്ന വലിയ ബയോടെക് ഐ പി ഒകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വിജയകരമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം എഫ് ഡി എ അംഗീകാരം നേടിയ നിരവധി മരുന്നുകളുടെ വികസനത്തിനും ഇതിലൂടെ സഹായം ലഭിച്ചു.
2021-ല്‍ അദ്ദേഹം റോയിവന്റിന്റെ സി ഇ ഒ പദവിയില്‍ നിന്ന് മാറി. തുടര്‍ന്ന് 2022-ല്‍, സമ്പദ്വ്യവസ്ഥയില്‍ സാധാരണ അമേരിക്കന്‍ ജനങ്ങളെ പ്രതിനിധീകരിക്കുകയും രാഷ്ട്രീയത്തിന് പകരം പ്രകടനത്തിലേക്ക് കമ്പനികളെ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്നു പറഞ്ഞ് സ്‌ട്രൈവ് ആസറ്റ് മാനേജ്‌മെന്റ് ആരംഭിച്ചു.
ഫോര്‍ബ്‌സ് പ്രകാരം, അദ്ദേഹത്തിന്റെ ആസ്തിമൂല്യം ഏകദേശം 1.8 ബില്യണ്‍ ഡോളറാണ്.
2024-ലെ യു എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നു. 'വോക്ക്' സംസ്‌കാരത്തിനെതിരായ ശക്തമായ വിമര്‍ശനമാണ് അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ കേന്ദ്രവിഷയമായിരുന്നത്. അത് രാജ്യത്തിനുള്ള ഭീഷണിയാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും, അമേരിക്കന്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഫര്‍മേറ്റീവ് ആക്ഷന്‍ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
