വാഷിംഗ്ടൺ: 'ചരിത്രത്തിലെ ഏറ്റവും കൂടുതൽ കേസുകൾ നേരിട്ട വ്യക്തി താനാണ്' എന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി 5ന് നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിനെതിരെ നിലവിലും മുമ്പുമായി നിരവധി സിവിൽ-നിയമ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രധാന കേസുകളിൽ ശ്രദ്ധേയമായത് എഴുത്തുകാരി ഇ. ജീൻ കാരോൾ നൽകിയ ലൈംഗികാതിക്രമം, ആക്രമണം, അപകീർത്തി എന്നീ ആരോപണങ്ങളുള്ള രണ്ടു സിവിൽ കേസുകളാണ്. വേർതിരിച്ച വിചാരണകളിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിന്റെ ഭാഗമായി ഏകദേശം 88 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനും വിധിച്ചു.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ ജെയിംസ് നൽകിയ സാമ്പത്തിക തട്ടിപ്പ് കേസിലും ട്രംപിനും കുടുംബാംഗങ്ങൾക്കും ട്രംപ് ഓർഗനൈസേഷനുമെതിരെ കോടതി പ്രതികൂല വിധി പ്രസ്താവിച്ചു. വായ്പദാതാക്കളെയും ഇൻഷുറൻസ് കമ്പനികളെയും തെറ്റിദ്ധരിപ്പിക്കാൻ സ്വത്തുവിലകൾ കൃത്രിമമായി ഉയർത്തിക്കാട്ടിയെന്നായിരുന്നു ആരോപണം. ആദ്യം ഏകദേശം 350 മില്യൺ ഡോളർ പിഴ വിധിച്ചെങ്കിലും പിന്നീട് അപ്പീൽ കോടതി പിഴ റദ്ദാക്കി; എന്നാൽ തട്ടിപ്പ് നടന്നെന്ന കണ്ടെത്തൽ നിലനിറുത്തി.
വിദേശ സർക്കാരുകളുടെ ഇടപാടുകളിൽനിന്ന് ട്രംപ് സ്വത്ത് സ്ഥാപനങ്ങൾ ലാഭം നേടിയെന്നാരോപിച്ച് വാഷിംഗ്ടൺ ഡി.സി.യും മേരിലാൻഡും നൽകിയ കേസും ശ്രദ്ധേയമാണ്. എന്നാൽ ട്രംപ് അധികാരമൊഴിഞ്ഞതോടെ ഈ കേസ് പ്രസക്തിയില്ലെന്ന് കണ്ട് കോടതി തള്ളുകയായിരുന്നു.
ഇതുകൂടാതെ ട്രാൻസ്‌ജെൻഡർ സൈനിക വിലക്ക് ചോദ്യം ചെയ്ത 'ഡോ വേഴ്‌സസ് ട്രംപ്' കേസ്, തിരഞ്ഞെടുപ്പ് അഖണ്ഡത കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട എസിഎൽയു കേസ്, ഉപഭോക്തൃ ധനകാര്യ സംരക്ഷണ ബ്യൂറോ നിയമന വിവാദം തുടങ്ങിയ കേസുകളും ട്രംപ് നേരിട്ടിട്ടുണ്ട്. ഇവയിൽ പലതും പിന്നീട് കോടതി തള്ളുകയോ പിൻവലിക്കപ്പെടുകയോ ചെയ്തു.
വ്യക്തിപരമായും ഭരണനടപടികളുമായി ബന്ധപ്പെട്ടുമുള്ള ഈ നിയമപോരാട്ടങ്ങളാണ് 'താനാണ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കേസുകൾ നേരിട്ട നേതാവ്' എന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നിലെ പശ്ചാത്തലം.
'ചരിത്രത്തിലെ ഏറ്റവും കൂടുതൽ കേസുകൾ നേരിട്ട നേതാവ് താനെന്ന് ട്രംപ് - പ്രധാന നിയമപോരാട്ടങ്ങൾ ഇങ്ങനെ
