വാഷിംഗ്ടൺ: റഷ്യയുമായി പുതിയതും നവീകരിച്ചതുമായ ആണവായുധ കരാർ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലുണ്ടായിരുന്ന 'ന്യൂ സ്റ്റാർട്ട്' കരാർ കാലഹരണപ്പെട്ട പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. പഴയ കരാർ അമേരിക്കയ്ക്ക് അനുകൂലമല്ലാത്തതും റഷ്യ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച ട്രംപ്, ഭാവിയിലേക്ക് നീളുന്ന ഒരു ആധുനിക കരാർ രൂപപ്പെടുത്താൻ ആണവ വിദഗ്ധരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
ട്രൂത്ത് സോഷ്യൽ വഴി പ്രതികരിച്ച ട്രംപ്, ആദ്യ ഭരണകാലത്ത് താൻ അമേരിക്കൻ സൈന്യത്തെ പൂർണമായി പുനർനിർമിച്ചുവെന്നും പുതിയതും നവീകരിച്ചതുമായ ആണവായുധങ്ങൾ സേനയിൽ ഉൾപ്പെടുത്തിയെന്നും അവകാശപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്ത് കടലിൽ ആധിപത്യം പുലർത്തിയ ഐവ, മിസൂരി, അലബാമ തുടങ്ങിയ യുദ്ധക്കപ്പലുകളേക്കാൾ '100 മടങ്ങ് ശക്തിയുള്ള' പുതിയ ബാറ്റിൽഷിപ്പുകൾ യുഎസ് സേനയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങൾക്കിടയിൽ ഉണ്ടായേക്കുമായിരുന്ന ആണവയുദ്ധങ്ങൾ താൻ തടഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു.
പുതിയ കരാറിൽ ചൈനയെയും ഉൾപ്പെടുത്തണമെന്ന അമേരിക്കൻ സമ്മർദം ബെയ്ജിങ് നേരത്തെ തന്നെ തള്ളിയിരുന്നു. ചൈനയുടെ ആണവശേഖരം വളരുന്നുണ്ടെങ്കിലും യുഎസിനെയും റഷ്യയെയും അപേക്ഷിച്ച് ചെറുതാണെന്നാണ് ചൈനയുടെ നിലപാട്.
ന്യൂ സ്റ്റാർട്ട് കരാർ അവസാനിച്ച സാഹചര്യത്തിൽ പുതിയ ധാരണയുണ്ടോയെന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് വക്താവ് കരോളൈൻ ലെവിറ്റ് വ്യക്തമായ മറുപടി നൽകിയില്ല. 'അങ്ങനെയൊരു ധാരണയുണ്ടെന്ന വിവരം എനിക്കില്ല,' എന്നായിരുന്നു പ്രതികരണം.
അതേസമയം, കരാർ അവസാനിക്കുന്നത് ആഗോള ആയുധമത്സരത്തിലേക്ക് ലോകത്തെ തള്ളിവിടുമെന്ന മുന്നറിയിപ്പുമായി ആയുധനിയന്ത്രണ രംഗത്തെ മുൻ ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തി. ഇത് ആണവസ്ഥിരതയെ തകർക്കുകയും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആശങ്ക അറിയിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടായി നിലനിന്നിരുന്ന ആണവ കരാറുകൾ 'ഗുരുതര ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്' എന്നും, ആണവായുധം ഉപയോഗിക്കപ്പെടാനുള്ള അപകടസാധ്യത പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയുമായി 'പുതിയ ആണവ കരാർ' വേണമെന്ന് ട്രംപ്; രണ്ടാം ലോകമഹായുദ്ധത്തേതിനേക്കാൾ 100 മടങ്ങ് ശക്തിയുള്ള യുദ്ധക്കപ്പലുകൾ വരുമെന്ന് പ്രഖ്യാപനം
