റിയാദ്: മദ്യവില്‍പ്പന നിരോധത്തില്‍ സൗദി അറേബ്യയ്ക്ക് ചുവടുമാറ്റം. സമ്പന്നരായ വിദേശ താമസക്കാര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഭാവിയില്‍ ഈ ഇളവ് വിനോദസഞ്ചാരികളിലേക്കും വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയാണ് ശക്തമാണ്.
ദശകങ്ങളായി. സമ്പന്ന ജനവിഭാഗം കഴിയുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമ്പന്ന പ്രദേശമാണ്. എംബസികള്‍, ആഡംബര വസതികള്‍, പച്ചപ്പുള്ള പരിസരങ്ങള്‍, കഫേ സംസ്‌കാരം എന്നിവയാല്‍ യുവ സൗദികളും വിദേശികളും ഒരുപോലെ ആകര്‍ഷിക്കപ്പെടുന്ന മേഖലയാണിത്.
ഈ പ്രത്യേക മേഖലയിലെ പേരില്ലാത്ത ബീജ് നിറത്തിലുള്ള കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചെറിയൊരു കട സൗദി അറേബ്യയിലെ ഏറ്റവും സങ്കീര്‍ണ്ണമായ നയമാറ്റങ്ങളിലൊന്നിന്റെ പരീക്ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് സമ്പന്നരായ മുസ്ലിം അല്ലാത്ത വിദേശികള്‍ക്ക് നിയന്ത്രിതമായി മദ്യം വില്‍ക്കാനുള്ളതാണ് നീക്കം.
ഇസ്ലാമിലെ രണ്ട് വിശുദ്ധ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയില്‍ 1952-ലാണ് മദ്യവില്‍പ്പന നിരോധിച്ചത്. എന്നാല്‍, രാജ്യത്തിന്റെ ആഗോള പ്രതിഛായ പുതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ സാമൂഹ്യ- സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യം നടപ്പാക്കിയിട്ടുള്ളത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സിനിമാഹാളുകള്‍ വീണ്ടും തുറക്കുകയും വന്‍ സംഗീതോത്സവങ്ങള്‍ സംഘടിപ്പിക്കുകയും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുകയും മതപോലീസിന്റെ അധികാരം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
റിയാദിലെ മദ്യവില്‍പ്പനശാല 2024 ജനുവരിയിലാണ് ആദ്യമായി തുറന്നത്. എന്നാല്‍ തുടക്കത്തില്‍ മുസ്ലിം അല്ലാത്ത ഡിപ്ലോമാറ്റുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 2025 അവസാനം പ്രഖ്യാപനമില്ലാതെ കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ പ്രകാരം, സമ്പന്നരായ, മുസ്ലിം അല്ലാത്ത വിദേശ താമസക്കാര്‍ക്കും ഇപ്പോള്‍ അവിടെ നിന്ന് ബിയര്‍, വൈന്‍, മദ്യം എന്നിവ വാങ്ങാന്‍ കഴിയും.
ഒരു വിദേശിക്ക് പ്രതിവര്‍ഷം 1 ലക്ഷം സൗദി റിയാല്‍ ചെലവുള്ള 'പ്രീമിയം റെസിഡന്‍സി' പെര്‍മിറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍, പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ വരുമാനം ഉണ്ടെന്ന തെളിവ് കാണിക്കണം.
പ്രീമിയം റെസിഡന്‍സി പദ്ധതി സാധാരണയായി മുതിര്‍ന്ന വിദേശ ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍, പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് അനുവദിക്കുന്നത്.
കടയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകള്‍ സീല്‍ ചെയ്ത കവറുകളില്‍ സൂക്ഷിക്കും. ചിലപ്പോള്‍ ഒരു മണിക്കൂറിലധികം ക്യൂ നില്‍ക്കേണ്ടി വരുമെങ്കിലും, അകത്ത് പ്രവേശിച്ചാല്‍ നടപടിക്രമങ്ങള്‍ ലളിതമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
ഒരു യൂറോപ്യന്‍ വിദേശി കട നന്നായി സജ്ജീകരിച്ചതായി വിശേഷിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില രണ്ടോ മൂന്നോ ഇരട്ടിയാണെങ്കിലും സൗദിയിലെ ബ്ലാക്ക് മാര്‍ക്കറ്റിനെക്കാള്‍ വളരെ കുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
പോയിന്റ് അടിസ്ഥാനത്തിലുള്ള പ്രതിമാസ ക്വോട്ടാ സംവിധാനമാണ് മദ്യവില്‍പ്പനയ്ക്ക് നിലവിലുള്ളത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഓണ്‍ലൈന്‍ മാപ്പുകളിലുപോലും കടയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഒരു സുഹൃത്ത് ഗൂഗിള്‍ മാപ്പിലൂടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്തതോടെയാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്ന് ഒരു ഏഷ്യക്കാരന്‍ പറഞ്ഞു.
