ICE വിവാദം: ഓണ്‍ലൈന്‍ പ്രതിഷേധത്തിന് മുന്നില്‍ വഴങ്ങി ഹില്‍ട്ടണ്‍; മിന്നസോട്ട ഹോട്ടലിനെ ബ്രാന്‍ഡില്‍ നിന്ന് നീക്കി

ICE വിവാദം: ഓണ്‍ലൈന്‍ പ്രതിഷേധത്തിന് മുന്നില്‍ വഴങ്ങി ഹില്‍ട്ടണ്‍; മിന്നസോട്ട ഹോട്ടലിനെ ബ്രാന്‍ഡില്‍ നിന്ന് നീക്കി


ന്യൂയോര്‍ക്ക് : അമേരിക്കന്‍ കുടിയേറ്റ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥര്‍ക്ക് മുറി നല്‍കാന്‍ വിസമ്മതിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്, ഹില്‍ട്ടണ്‍ ഗ്രൂപ്പ് മിന്നസോട്ടയിലെ ഒരു ഹാംപ്ടണ്‍ ഇന്‍ ഹോട്ടലിനെ സ്വന്തം ബുക്കിങ് സംവിധാനങ്ങളില്‍ നിന്ന് നീക്കി. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കടുത്ത പ്രതിഷേധത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിലാണ് ഹില്‍ട്ടണ്‍ ഇത്രയും കടുത്ത നടപടി സ്വീകരിച്ചത്.

മിന്നിയാപ്പോളിസിന് സമീപമുള്ള ലേക്ക്‌വില്ലിലെ ഹാംപ്ടണ്‍ ഇന്‍ കഇഋ അടക്കമുള്ള നിയമസംരക്ഷണ ഏജന്‍സികളുടെ ബുക്കിങ് റദ്ദാക്കിയതായി എക്‌സില്‍ (X) പ്രത്യക്ഷപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളാണ് വിവാദത്തിന് തുടക്കമിട്ടത്. ഇത് 'സമന്വയിപ്പിച്ച നിഷേധ ക്യാംപെയ്ന്‍' ആണെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) ആരോപിച്ചു.

വിവാദം ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടര്‍ന്നു. ചിലര്‍ ഹില്‍ട്ടണിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചപ്പോള്‍, 'ബഡ് ലൈറ്റ്' ബ്രാന്‍ഡ് നേരിട്ട പ്രതിഷേധവുമായി താരതമ്യം ചെയ്യുന്നവരും ഉണ്ടായി. മറുവശത്ത്, ICEയെ എതിര്‍ക്കുന്ന നിലപാടിനെ പിന്തുണച്ചവരും സോഷ്യല്‍ മീഡിയയില്‍ സജീവമായി.

ആദ്യഘട്ടത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാരായ എവര്‍പീക് ഹോസ്പിറ്റാലിറ്റി മാപ്പുപറഞ്ഞെങ്കിലും, ICE ഉദ്യോഗസ്ഥരെ ഇനിയും സ്വീകരിക്കില്ലെന്ന തരത്തിലുള്ള ജീവനക്കാരന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദം വീണ്ടും കത്തിപ്പടര്‍ന്നു. ഹെഡ്ജ് ഫണ്ട് മേധാവി ബില്‍ അക്ക്മാന്‍ അടക്കമുള്ള പ്രമുഖര്‍ വിഷയം ഏറ്റെടുത്തതോടെ ഹില്‍ട്ടണ്‍ നിലപാട് കടുപ്പിച്ചു.

'ഹോട്ടല്‍ ഉടമ ഉറപ്പ് നല്‍കിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പുതിയ വീഡിയോ തെളിയിക്കുന്നു. അതിനാല്‍ ഹോട്ടലിനെ ഞങ്ങളുടെ സംവിധാനങ്ങളില്‍ നിന്ന് നീക്കുന്നു,' ഹില്‍ട്ടണ്‍ വക്താവ് വ്യക്തമാക്കി. 'ഹില്‍ട്ടണ്‍ എല്ലാര്‍ക്കും തുറന്ന പൊതുസൗകര്യമാണ്,' എന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണെങ്കിലും, പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബ്രാന്‍ഡിനെയാണ് ഉത്തരവാദിത്വമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ലൈസന്‍സിംഗ് വിശദീകരണം ഉപഭോക്താവിനോട് പറഞ്ഞ് രക്ഷപ്പെടാനാകില്ല,' മുന്‍ ഡിസ്‌നി സ്‌റ്റോര്‍സ് പ്രസിഡന്റായ ജിം ഫീല്‍ഡിംഗ് പറഞ്ഞു.

ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എല്ലാ അമേരിക്കന്‍ ഫ്രാഞ്ചൈസി ഉടമകള്‍ക്കും ഹില്‍ട്ടണ്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'ഞങ്ങളുടെ ഹോട്ടലുകള്‍ എല്ലാവര്‍ക്കും തുറന്നതാണ്. ഇതിന് വിരുദ്ധമായ നടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകും,' എന്ന മുന്നറിയിപ്പും കമ്പനി നല്‍കി.

അമേരിക്കയിലെ കുടിയേറ്റ ചര്‍ച്ചകളില്‍ ഹോട്ടലുകള്‍ പുതിയ സംഘര്‍ഷകേന്ദ്രങ്ങളാകുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.