ഫ്‌ളോറിഡയിലെ തീരങ്ങളെ മില്‍ട്ടന്‍ ചുഴലിക്കാറ്റ് മാറ്റിമറിക്കും

ഫ്‌ളോറിഡയിലെ തീരങ്ങളെ മില്‍ട്ടന്‍ ചുഴലിക്കാറ്റ് മാറ്റിമറിക്കും


ഫ്‌ളോറിഡ: യു എസിലെ ഫ്‌ളോറിഡയിലെ 15 ദശലക്ഷം നിവാസികള്‍ ബുധനാഴ്ച രാത്രി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊടുന്നതോടെ സണ്‍ഷൈന്‍ സ്റ്റേറ്റിന്റെ തീരപ്രദേശത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. 

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) പ്രകാരം ഫ്‌ളോറിഡയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന മില്‍ട്ടണ്‍ കര തൊട്ടാല്‍ ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരദേശ ബീച്ചുകളുടെ 95 ശതമാനവും വെള്ളത്തിനടിയിലാകുകയോ തുടര്‍ച്ചയായി സമുദ്രജലം മൂടുകയോ ചെയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 'ഇത് തീരദേശ മാറ്റത്തിന്റെ ഏറ്റവും ഗുരുതരമായ തലമാണ്' എന്നാണ് ഫെഡറല്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. 'മില്‍ട്ടനെ തുടര്‍ന്നുണ്ടാകുന്ന തിരമാലകളുടെ കുതിച്ചുചാട്ടം' സംസ്ഥാനത്തിന്റെ 100 ശതമാനം ബീച്ചുകളിലും 'മണ്ണൊലിപ്പിനും ഓവര്‍വാഷിനും' കാരണമാകുമെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

ഹെലിന്‍ ചുഴലിക്കാറ്റിന്റെ ആഘാതം കാരണം ഫ്‌ളോറിഡയുടെ തീരപ്രദേശത്തിന് ഭീഷണി രൂക്ഷമായിട്ടുണ്ട്. ഇതിനകം തന്നെ നിരവധി ബീച്ചുകളില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും മണ്‍കൂനകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. 

ദേശീയ ചുഴലിക്കാറ്റ് കേന്ദ്രവത്തിന്റേയും സെന്‍ട്രല്‍ പസഫിക് ചുഴലിക്കാറ്റ് കേന്ദ്രത്തിന്റേയും മുന്നറിയിപ്പ് അനുസരിച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തി വീണ്ടെടുത്ത് കാറ്റഗറി 5 ആയി മാറുകയും പരമാവധി വേഗത മണിക്കൂറില്‍ 270 കിലോമീറ്ററായി മാറുകയും ചെയ്തു. കര തൊടുന്നതോടെ ശക്തിയില്‍ നേരിയ കുറവുണ്ടാകാമെങ്കിലും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ തക്കവിധമായിരിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

മില്‍ട്ടണ്‍ കിഴക്കന്‍ മെക്‌സിക്കോ ഉള്‍ക്കടലിലൂടെ നീങ്ങുമ്പോള്‍ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബുധനാഴ്ച രാത്രി ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍- മധ്യതീരത്ത് എത്തുമ്പോള്‍ മില്‍ട്ടണ്‍ ഒരു അപകടകരമായ വലിയ ചുഴലിക്കാറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഏജന്‍സി പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അപകടകരമായ വസ്തുക്കളിലൂടെ സഞ്ചരിച്ച് ദോഷകരമായ രാസവസ്തുക്കള്‍ പരിസ്ഥിതിയെ മലിനമാക്കും.

കോണ്‍ക്രീറ്റ് പ്ലാന്റുകള്‍, ഇലക്ട്രോണിക് നിര്‍മ്മാതാക്കള്‍, കെമിക്കല്‍ പ്ലാന്റുകള്‍ എന്നിവയാണ് കൊടുങ്കാറ്റില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ നേരിടുന്ന സൈറ്റുകള്‍. ശക്തമായ കാറ്റും മഴയും സ്റ്റോറേജ് ടാങ്കുകളിലും പൈപ്പ് ലൈനുകളിലും കണ്ടെയ്ന്‍മെന്റ് സംവിധാനങ്ങളിലും തട്ടി ഈ സൗകര്യങ്ങളില്‍ നിന്ന് അപകടകരമായ പദാര്‍ഥങ്ങള്‍ പുറത്തുവരുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഫ്‌ളോറിഡയിലെ എമര്‍ജന്‍സി മാനേജ്മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ കെവിന്‍ ഗുത്രി ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ഉത്തരവാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചതെന്ന് ഇതിനകം പ്രസ്താവിച്ചിട്ടുണ്ട്.

ഏറ്റവും മോശം സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ തങ്ങളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ പേരുകളും വ്യക്തിഗത വിവരങ്ങളും സ്ഥിരമായ മാര്‍ക്കറില്‍ എഴുതാന്‍ അധികാരികള്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചു.

മില്‍ട്ടന്‍ ചുഴലിക്കാറ്റിന്റെ തീവ്രതയും ദുരിതവും പരിഗണിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വിദേശ യാത്ര മാറ്റിവച്ചു.