രസതന്ത്രത്തിനുള്ള നൊബേല്‍ ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ക്ക്


സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രോട്ടീനുകളുമായി ബന്ധപ്പെട്ട് സുപ്രധാന പഠനം നടത്തിയ മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ക്കാണു പുരസ്‌കാരം. പ്രോട്ടീനുകളുടെ ഘടനാ പ്രവചനവും രൂപകല്‍പ്പനയുമാണ് ഇവരെ പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്.

അമിനോ ആസിഡ് ശ്രേണിയും പ്രോട്ടീന്‍ ഘടനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഇവരുടെ ഗവേഷണമാണ് പരിഗണിച്ചതെന്നു രസതന്ത്ര നൊബേല്‍ പുരസ്‌കാര സമിതി അധ്യക്ഷന്‍ ഹെയ്‌നെര്‍ ലിങ്കെ പറഞ്ഞു. രസതന്ത്രത്തില്‍, പ്രത്യേകിച്ച് ജൈവരസതന്ത്രത്തില്‍ ഏറെക്കാലമായി വലിയ വെല്ലുവിളിയെന്നു കരുതിയ രഹസ്യത്തിന്റെ ചുരുളാണ് ഇവര്‍ അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിയാറ്റിലിലെ വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയാണ് ബേക്കര്‍. ഹസ്സബിസും ജംപറും ലണ്ടനില്‍ ഗൂഗ്ള്‍ ഡീപ്‌മൈന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു.

കംപ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീന്‍ ഡിസൈന്‍ ചെയ്തതിന് (കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈന്‍) പുരസ്‌കാരത്തിന്റെ പകുതി തുക ഡേവിഡ് ബേക്കര്‍ക്കു ലഭിക്കും. എഐയുടെ സഹായത്തോടെ പ്രോട്ടീന്റെ ഘടന പ്രവചിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച ഹസ്സാബിസും ജംപറും ബാക്കി തുക പങ്കിടും. ക്വാണ്ടം ഡോട്ടുകള്‍ കണ്ടെത്തിയതിനു കഴിഞ്ഞ വര്‍ഷവും രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ പങ്കിട്ടിരുന്നു.