രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍


മുംബൈ: മുതിര്‍ന്ന വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമെന്ന് രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കിംവദന്തികള്‍ തള്ളിക്കളയുകയും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സാമൂഹ്യ മാധ്യമം എക്‌സില്‍ ഒക്ടോബര്‍ 7ന് കുറിക്കുകയും ചെയ്ത 86കാരനായ രത്തന്‍ ടാറ്റ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രായവുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ക്കായി താന്‍ പരിശോധനയ്ക്ക് വിധേയനാകുകയാണെന്നും അറിയിച്ചിരുന്നു. 

താന്‍ നല്ല മാനസികാവസ്ഥയില്‍ തുടരുന്നുവെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ടാറ്റയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി 1991 മാര്‍ച്ചില്‍ ചുമതലയേല്‍ക്കുകയും 2012 ഡിസംബര്‍ 28ന് വിരമിക്കുകയും ചെയ്ത രത്തന്‍ ടാറ്റയുടെ ഭരണകാലത്ത് ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 2011-12ല്‍ 100.09 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു. 1991-ല്‍  10,000 കോടി രൂപ വിറ്റുവരവുണ്ടായിരുന്നതാണ് കുതിച്ചുയര്‍ന്നത്.