നിരന്തരമായുണ്ടാകുന്ന വ്യാജബോംബ് ഭീഷണിയുടെ ശ്രോതസും ലക്ഷ്യവും അന്വേഷിക്കാൻ യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഇന്റർപോൾ എന്നിവയുടെ സഹായം തേടി ഇന്ത്യ. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലത്തിനിടയിൽ കുറഞ്ഞത് 410 വ്യാജബോംബ് ഭീഷണികൾ ഉണ്ടായതിനെ തുടർന്നാണ് ഈ നീക്കം.
ഖാലിസ്ഥാനി ഗ്രൂപ്പുകൾക്ക് ഈ ഭീഷണികളിൽ എന്തെങ്കിലും പങ്കുണ്ടോ എന്നാണ് മുഖ്യമായും ഇന്ത്യ അന്വേഷിക്കുന്നത്. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‍ജെ) തലവൻ ഗുർപട്വന്ത് സിംഗ് പന്നൂൺ ഉയർത്തിയിട്ടുള്ള ഭീഷണിയുടെ കൂടെ പശ്ചാത്തലത്തിലാണിത്.
ഇന്ത്യയെ സാമ്പത്തികമായി തകർക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അതിൻറെ ഭാഗമായി നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളെ തങ്ങൾ ലക്ഷ്യമിടുകയാണെന്നുമാണ് പന്നൂൺ പറഞ്ഞിട്ടുള്ളത്. ഈ കാലയളവിൽ എഐആർ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പും പന്നൂൺ നൽകിയിട്ടുണ്ട്.
എഫ്ബിഐ ഇന്ത്യൻ അഭ്യർത്ഥന സ്വീകരിച്ച് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ ന്യൂഡൽഹിയിൽ അറിയിച്ചത്.