ഇന്ത്യ- യു എസ് വ്യാപാരക്കരാര്‍ പ്രഖ്യാപനം ഉടനെന്ന് മാര്‍ക്കോ റൂബിയോ

ഇന്ത്യ- യു എസ് വ്യാപാരക്കരാര്‍ പ്രഖ്യാപനം ഉടനെന്ന് മാര്‍ക്കോ റൂബിയോ


മുംബൈ: ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലാണെന്നും ഉടന്‍ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. മുംബൈയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരം, ഊര്‍ജസുരക്ഷ, പ്രതിരോധ സഹകരണം, തന്ത്രപ്രധാന പങ്കാളിത്തം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

കരാര്‍ ഒപ്പിടുന്നതൊഴിച്ചാല്‍ ധാരണയിലെത്താന്‍ കഴിയുന്നത്ര അടുത്തെത്തിയിരിക്കുകയാണെന്ന് റൂബിയോ പറഞ്ഞു. പരിഹരിക്കാനുള്ള ഏതാനും വിഷയങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇരുരാജ്യങ്ങളും ഉടന്‍ കരാര്‍ അന്തിമമാക്കി അനുകൂലമായ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരക്കരാറിന്റെ ചര്‍ച്ചകള്‍ യു എസ് വിദേശകാര്യ വകുപ്പിന്റെ നേരിട്ടുള്ള ചുമതലയല്ലെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികളില്‍ വകുപ്പ് സജീവമായി ഇടപെടുന്നുണ്ടെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി റൂബിയോ ത്രികക്ഷി ചര്‍ച്ചയും നടത്തി. മേഖലയുടെ ഊര്‍ജസുരക്ഷ, സാമ്പത്തിക മുന്‍ഗണനകള്‍, പരസ്പര സഹകരണം എന്നിവ ചര്‍ച്ചയായി.

ഊര്‍ജം, ഗതാഗത- വാണിജ്യ ബന്ധങ്ങള്‍, സമകാലിക പ്രാദേശിക സംഭവവികാസങ്ങള്‍ എന്നിവയെക്കുറിച്ച് പ്രയോജനകരമായ ആശയവിനിമയം നടന്നതായി ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യ- യു എസ് കൂടിക്കാഴ്ചയില്‍ വ്യാപാരം, ഊര്‍ജം, സാങ്കേതികവിദ്യ, പ്രതിരോധം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുടെ പുരോഗതിയും ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.

ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവുമാണെന്ന് വിശേഷിപ്പിച്ച റൂബിയോ, അമേരിക്കയുടെ പ്രധാന വ്യാപാര- പ്രതിരോധ പങ്കാളികളിലൊന്നാണ് ഇന്ത്യയെന്നും പറഞ്ഞു. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവ അംഗങ്ങളായ ക്വാഡ് കൂട്ടായ്മയിലും ഇന്ത്യയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

ഊര്‍ജ സഹകരണവും റൂബിയോയുടെ സന്ദര്‍ശനത്തിലെ പ്രധാന വിഷയമായിരുന്നു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി വെനസ്വേലയിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണ ഇറക്കുമതിയുടെ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അത് വിവേകപൂര്‍ണമായ നടപടിയാണെന്നും റൂബിയോ വിലയിരുത്തി. കനത്ത ക്രൂഡ് ഓയില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഇന്ത്യയെ അദ്ദേഹം 'റിഫൈനിങ് സൂപ്പര്‍പവര്‍' എന്നും വിശേഷിപ്പിച്ചു.

ആഗോള സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന എണ്ണ വിതരണത്തിലെ കുറവ് വെനസ്വേലയ്ക്ക് മാത്രം നികത്താനാകുമെന്ന് അവകാശപ്പെടുന്നില്ലെന്നും എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന് കാര്യമായ സംഭാവന നല്‍കാനാകുമെന്നും ഹ്രസ്വകാലത്തും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള ചില തടസ്സങ്ങള്‍ സഹകരണത്തിന് മുന്നിലുണ്ടാകാമെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിലെത്തിയ റൂബിയോയും ജയശങ്കറും 2008 നവംബര്‍ 26ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി പുഷ്പചക്രം അര്‍പ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറു അമേരിക്കന്‍ പൗരന്മാരെയും അവര്‍ അനുസ്മരിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും ഉഭയകക്ഷി പങ്കാളിത്തത്തിലും ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് സന്ദര്‍ശനമെന്ന് റൂബിയോ എക്‌സില്‍ കുറിച്ചു.

ഇന്ത്യയിലെ യു എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരും ഒപ്പമുണ്ടായിരുന്നു.

വ്യാപാരം, ഊര്‍ജം, തന്ത്രപ്രധാന ബന്ധങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള റൂബിയോയുടെ സന്ദര്‍ശനം, ഇറക്കുമതി തീരുവകളെയും റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണവാങ്ങലിനെയും ചൊല്ലി വാഷിംഗ്്ടണും ന്യൂഡല്‍ഹിയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ്. യുക്രെയ്ന്‍ യുദ്ധം, ആയുധനിയന്ത്രണം, റഷ്യന്‍ എണ്ണയുടെ ഇറക്കുമതി തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു.