പരുക്കേറ്റ സൈനികനെ ഡ്രോണ്‍ ഉപയോഗിച്ച് യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടുത്തി യുക്രെയ്ന്‍

പരുക്കേറ്റ സൈനികനെ ഡ്രോണ്‍ ഉപയോഗിച്ച് യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടുത്തി യുക്രെയ്ന്‍


കീവ്: യുദ്ധഭൂമിയില്‍ പരുക്കേറ്റ സൈനികനെ ഡ്രോണ്‍ ഉപയോഗിച്ച് വായുമാര്‍ഗം സുരക്ഷിതമായി പുറത്തെത്തിച്ചതായി യുക്രെയ്ന്‍. ഇത്തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം ലോകത്ത് ആദ്യത്തേതായിരിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സൈന്യം പുറത്തുവിട്ട വീഡിയോയില്‍ പരുക്കേറ്റ സൈനികന്‍ ഡ്രോണില്‍ ഘടിപ്പിച്ച സുരക്ഷാ സംവിധാനത്തില്‍ സ്വയം ബന്ധിപ്പിച്ചശേഷം ഡ്രോണ്‍ ഉയര്‍ത്തിക്കൊണ്ടുപോകുന്നത് കാണാം.

വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ പ്രവര്‍ത്തിപ്പിച്ച ഡ്രോണ്‍ സൈനികനെയും വഹിച്ച് താഴ്ന്ന ഉയരത്തില്‍ പറന്ന് സുരക്ഷിതമായ സ്ഥലത്തെത്തി. തുടര്‍ന്ന് സൈനികനെ സാവധാനം നിലത്തിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഡ്രോണ്‍ സംഘത്തിലെ അംഗങ്ങള്‍ സൈനികനെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. 'തിരികെ ഭൂമിയിലേക്ക് സ്വാഗതം' എന്നായിരുന്നു ഓപ്പറേറ്ററുടെ പ്രതികരണം. സുരക്ഷാ കാരണങ്ങളാല്‍ ദൃശ്യങ്ങളിലെ സൈനികന്റെയും രക്ഷാപ്രവര്‍ത്തകരുടെയും മുഖങ്ങള്‍ മറച്ചിട്ടുണ്ട്.

യുക്രെയ്ന്‍ സൈന്യം ഫെയ്‌സ്ബുക്കിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടെങ്കിലും തിരിച്ചറിയാവുന്ന കാര്യങ്ങള്‍ അറിയിച്ചിട്ടില്ല. ശത്രുവിന്റെ ഡ്രോണുകളുടെ ശക്തമായ സാന്നിധ്യവും കുഴിബോംബുകളുടെ ഭീഷണിയും കാരണം പരമ്പരാഗത രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. ആളില്ലാ കരവാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഒഴിപ്പിക്കലും സാധ്യമായില്ലെന്ന് സൈന്യം വ്യക്തമാക്കി.

പ്രത്യേകമായി വികസിപ്പിച്ച കനത്ത ഭാരം വഹിക്കാന്‍ ശേഷിയുള്ള, ആറു ചിറകുകളുള്ള ഹെക്‌സാകോപ്റ്റര്‍ ഡ്രോണാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്. ഒരാളെ സുരക്ഷിതമായി വഹിക്കാനും പറക്കുന്നതിനിടെ സ്ഥിരത നിലനിര്‍ത്താനും കഴിയുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം വിജയകരമായെന്നും സൈനികന്‍ നിലവില്‍ ചികിത്സയും പുനരധിവാസവും തേടുകയാണെന്നും ജീവന് ഇനി അപകടമില്ലെന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശത്രുപ്രദേശങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിനും യുക്രെയ്ന്‍ ഡ്രോണുകളെ വ്യാപകമായി ആശ്രയിക്കുന്നുണ്ട്. എണ്ണ ശുദ്ധീകരണശാലകള്‍, സംഭരണ കേന്ദ്രങ്ങള്‍, പൈപ്പ്ലൈന്‍ ശൃംഖലകളിലെ പ്രധാന കേന്ദ്രങ്ങള്‍ എന്നിവയ്ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തി മുന്‍നിര സൈനികര്‍ക്കുള്ള ഇന്ധനവിതരണം തടസ്സപ്പെടുത്താനും റഷ്യയുടെ ഊര്‍ജ കയറ്റുമതി ശേഷി ദുര്‍ബലപ്പെടുത്താനും യുക്രെയ്ന്‍ ശ്രമിക്കുന്നുണ്ട്.

യുക്രെയ്‌നില്‍നിന്ന് ഏകദേശം 1,200 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളില്‍വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള ഡ്രോണുകളും രാജ്യം ഉപയോഗിച്ചിട്ടുണ്ട്. നിര്‍ണായക കേന്ദ്രങ്ങളുടെ വ്യോമപ്രതിരോധത്തിനായി ഏകദേശം 2,200 ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന വിലകുറഞ്ഞ ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.