നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി പീറ്റ് ഹെഗ്‌സെത്ത്; ഇസ്രയേല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ പരസ്യ പിന്തുണ

നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി പീറ്റ് ഹെഗ്‌സെത്ത്; ഇസ്രയേല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ പരസ്യ പിന്തുണ


ജറുസലേം:  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. തിങ്കളാഴ്ച അപ്രഖ്യാപിത സന്ദര്‍ശനത്തിനായി ഇസ്രയേലിലെത്തിയ ഹെഗ്‌സെത്ത് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് സന്ദര്‍ശനം.

നെതന്യാഹുവിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹെഗ്‌സെത്തിന്റെ സന്ദര്‍ശനം. ഒക്ടോബര്‍ 27ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് 'പൂര്‍ണ പിന്തുണ' നല്‍കുന്നതായി ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. ഇറാനെതിരായ സൈനിക നീക്കത്തില്‍ അമേരിക്കയ്‌ക്കൊപ്പം നിന്ന നെതന്യാഹുവിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

നെതന്യാഹുവിനെ 'ശക്തനും ധീരനും ബുദ്ധിമാനുമായ' നേതാവെന്ന് വിശേഷിപ്പിച്ച ട്രംപ്, കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കിടയിലും അദ്ദേഹം കൂടുതല്‍ കരുത്താര്‍ജിച്ചുവെന്നും അഭിപ്രായപ്പെട്ടു. ഇറാനെതിരായ നീക്കങ്ങളിലും മേഖലയിലെ സമാധാനശ്രമങ്ങളിലും നെതന്യാഹു പ്രധാന പങ്കുവഹിച്ചുവെന്നാണ് ട്രംപിന്റെ നിലപാട്.

അതേസമയം, ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാനില്ലെന്ന നിലപാടാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സ്വീകരിച്ചത്. തിങ്കളാഴ്ച ഡിജിറ്റല്‍ മാധ്യമമായ 2WAY-ക്ക് നല്‍കിയ അഭിമുഖത്തില്‍, അമേരിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്നും വാന്‍സ് വ്യക്തമാക്കി. നെതന്യാഹുവിനെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആദ്യം ഹംഗറി സന്ദര്‍ശിച്ച വാന്‍സ്, അവിടത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണിത്. ആക്രമണത്തിന് പിന്നാലെ ഗാസയിലും ലെബനനിലും ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ ശക്തമാക്കുകയും ഇറാനുമായുള്ള സംഘര്‍ഷത്തില്‍ നേരിട്ട് ഏര്‍പ്പെടുകയും ചെയ്തിരുന്നു. യുദ്ധവും സുരക്ഷാ സാഹചര്യങ്ങളും ആഭ്യന്തര രാഷ്ട്രീയ വിവാദങ്ങളും നിര്‍ണായകമാകുന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് ട്രംപിന്റെ പിന്തുണ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് ശ്രദ്ധേയമാണ്.