ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍; മാര്‍ക്കോ റൂബിയോ ചൊവ്വാഴ്ച മുംബൈയിലെത്തും

ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍; മാര്‍ക്കോ റൂബിയോ ചൊവ്വാഴ്ച മുംബൈയിലെത്തും


ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് ഏറെ അടുത്തെത്തിയെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുംബൈയിലെത്തുന്ന അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തും. ഈ വര്‍ഷം രണ്ടാം തവണയാണ് റൂബിയോ ഇന്ത്യയിലെത്തുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് 3.30ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ആഴ്ചയുടെ അവസാനത്തോടെ ഗുജറാത്തിലെ ജാംനഗറിലേക്കും അദ്ദേഹം പോകും. സ്വകാര്യ മേഖലയിലെ വലിയ എണ്ണ ശുദ്ധീകരണ സമുച്ചയം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ജാംനഗര്‍.

ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വ്യാപാരക്കരാറിനെക്കുറിച്ച് റൂബിയോ പ്രതീക്ഷ പ്രകടിപ്പിച്ചത്. റഷ്യയ്ക്കും ഇറാനുമെതിരായ ഉപരോധങ്ങളുമായി ബന്ധപ്പെട്ട ഇളവുകളും ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ഉപരോധങ്ങളില്‍ ഇളവ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വ്യാപാര ചര്‍ച്ചകളും പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തിലെ ഊര്‍ജവിതരണവും വിലനിലവാരവും മറ്റ് രാജ്യങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് സമീപകാലത്ത് അമേരിക്ക ചില ഉപരോധങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതെന്നും റൂബിയോ പറഞ്ഞു.

പല രാജ്യങ്ങളിലും ഡീസല്‍ വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിദേശനയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ഓരോ രാജ്യത്തിനും പരിഗണിക്കേണ്ട സങ്കീര്‍ണമായ നിരവധി ഘടകങ്ങളുണ്ടെന്നും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും പ്രധാനമാണെന്നും ചില രാജ്യങ്ങള്‍ക്ക് ബദല്‍ സ്രോതസ്സുകളില്‍നിന്ന് ഊര്‍ജം കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്നും പറഞ്ഞ റുബിയോ അതൊരു ന്യായീകരണമല്ലെങ്കിലും ഈ ഘടകങ്ങളെല്ലാം സന്തുലിതമായി പരിഗണിക്കണമെന്നും ഒരു വിഷയത്തിന്റെ പേരില്‍ മറ്റ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ തകര്‍ക്കാനും കഴിയില്ലെന്നും വ്യക്തമാക്കി. 

2026 സെപ്റ്റംബര്‍ 18ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിയമവുമായി ബന്ധപ്പെട്ടതാണ് ഉപരോധ ഇളവ്. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാര്‍ക്കെതിരെ, ഇറക്കുമതി തുടര്‍ന്നാല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ നിയമം അധികാരം നല്‍കുന്നു. ഇന്ത്യയും ചൈനയും ഈ പട്ടികയിലുണ്ട്.

ഒക്ടോബര്‍ 18നുശേഷവും പുതിയ വാങ്ങലുകള്‍ തുടരുന്ന സാഹചര്യത്തില്‍ ഈ വ്യവസ്ഥകള്‍ നടപ്പാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാന വ്യവസ്ഥകള്‍ 60 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിരിക്കുകയാണ്. ഈ അവലോകനം ഡിസംബര്‍ 15നോടടുത്ത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഫ്‌ളോറിഡയില്‍ ജി20 ഉച്ചകോടിക്കായി എത്തേണ്ട സമയവുമാണിത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റൂബിയോയുടെ സന്ദര്‍ശനം. കുടിയേറ്റം, വിസാ നടപടികള്‍, അമേരിക്കയില്‍ ഇന്ത്യക്കെതിരെ ഉയരുന്ന പരാമര്‍ശങ്ങള്‍ എന്നിവ ന്യൂഡല്‍ഹിയുടെ ആശങ്കകളില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞയാഴ്ച ഷിക്കാഗോയ്ക്കടുത്തുള്ള ഒരു ഹിന്ദുക്ഷേത്രം ആക്രമിക്കാന്‍ 19 വയസ്സുകാരന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതിനുശേഷം ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് മാസത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തപ്പോഴായിരുന്നു റൂബിയോയുടെ മുന്‍ ഇന്ത്യാ സന്ദര്‍ശനം. അന്നത്തെ സന്ദര്‍ശനത്തെ അപേക്ഷിച്ച് ഇത്തവണത്തെ യാത്രയ്ക്ക് വ്യാപാര- സാമ്പത്തിക വിഷയങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തവണ അദ്ദേഹം ന്യൂഡല്‍ഹി സന്ദര്‍ശിക്കുന്നില്ല.

റഷ്യയില്‍നിന്നുള്ള എണ്ണയുടെ ഗണ്യമായ ഇറക്കുമതി തുടരുന്ന ഇന്ത്യയുടെ നിലപാട്, ഊര്‍ജസ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളുടെ പുരോഗതി എന്നിവ കൂടിക്കാഴ്ചകളില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.