പാരിസ്: ഫ്രാന്‍സില്‍ വാരാന്ത്യത്തിലുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി ലോറന്റ് ന്യൂനെസ് സമര്‍പ്പിച്ച രാജി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തള്ളി. പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിലേക്ക് നയിച്ച വീഴ്ചകളെ മാക്രോണ്‍ നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സാഹചര്യം നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും മുന്‍കൂട്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും സമ്മതിച്ച ന്യൂനെസ് ഞായറാഴ്ചയാണ് രാജി സമര്‍പ്പിച്ചത്.
സംഭവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കുള്ളതിനാലാണ് രാജി വാഗ്ദാനം ചെയ്തതെന്ന് ന്യൂനെസ് ഫ്രാന്‍സ് ഇന്റര്‍ റേഡിയോയോട് പറഞ്ഞു.
വാരാന്ത്യത്തിലെ സംഘര്‍ഷാവസ്ഥ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനുമായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിക്കും.
ആഭ്യന്തര മന്ത്രി ഞായറാഴ്ച പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും നിലവിലെ സാഹചര്യത്തില്‍ നിയമപാലന സംവിധാനത്തിന് തുടര്‍ച്ചയായ നേതൃത്വം അനിവാര്യമായതിനാല്‍ പ്രസിഡന്റ് രാജി നിരസിച്ചതായും എലിസേ കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു.
ജീവിതച്ചെലവിലെ വര്‍ധനയ്ക്കെതിരെ ആരംഭിച്ച സമാധാനപരമായ പ്രതിഷേധങ്ങള്‍ പിന്നീട് അക്രമത്തിലും കൊള്ളയിലും പൊതുമുതല്‍ നശീകരണത്തിലും കലാശിച്ചതായാണ് അധികൃതര്‍ പറയുന്നത്. ഇതുവരെ ഫ്രാന്‍സില്‍ 18,000 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഫ്രഞ്ച് റീട്ടെയില്‍ ആന്‍ഡ് ട്രേഡ് ഫെഡറേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ബൊമ്പാര്‍ഡിന്റെ കണക്കനുസരിച്ച് ഏകദേശം 1,500 കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.
ശനിയാഴ്ച പാരിസില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മാര്‍സെയില്‍, റെന്‍, ടുലൂസ്, ആഞ്ചെര്‍സ് തുടങ്ങിയ നഗരങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധങ്ങള്‍ക്കിടയിലെ പൊലീസ് നടപടികളാണ് സംഘര്‍ഷം രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊലീസ് പ്രയോഗിച്ച സ്റ്റണ്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് 15 വയസ്സുകാരന് കൈ നഷ്ടപ്പെട്ടതായും കണ്ണീര്‍വാതക പ്രയോഗവുമായി ബന്ധപ്പെട്ട സംഭവത്തില്‍ 14 വയസ്സുകാരന്റെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് കൗമാരക്കാര്‍ക്കും ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പരിക്കുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പരിമിതമായ സൗകര്യങ്ങളും തകര്‍ന്ന കെട്ടിടങ്ങളും ജീവനക്കാരുടെ കുറവും നേരിടുന്ന സ്‌കൂളുകളെക്കുറിച്ചുള്ള പരാതികളാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളുടെ ശോച്യാവസ്ഥയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയത്.
ഫ്രഞ്ച് മാധ്യമങ്ങള്‍ തകര്‍ന്ന മേല്‍ക്കൂരകള്‍, ചോര്‍ച്ചകള്‍, കേടായ ഫര്‍ണിച്ചറുകള്‍, സ്‌കൂളുകളില്‍ എലികള്‍ ഓടിനടക്കുന്ന ദൃശ്യങ്ങള്‍ തുടങ്ങിയവ തുടര്‍ച്ചയായി പുറത്തുവിട്ടിരുന്നു.
എന്നാല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് തലമുറകള്‍ക്കിടയില്‍ തുടരുന്ന സാമൂഹിക അസമത്വത്തിനും ഉന്നതവര്‍ഗ ആധിപത്യത്തിനുമെതിരായ വിശാലമായ പ്രക്ഷോഭമായി മാറിയെന്നാണ് വിലയിരുത്തല്‍.
ഫ്രാന്‍സിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നായ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. വിലക്കയറ്റം നിയന്ത്രിക്കുക, പെന്‍ഷന്‍ വര്‍ധിപ്പിക്കുക, വേതനം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചു.
മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മാക്രോണിന് ഭരണഘടനാപരമായ നിയന്ത്രണമുള്ള സാഹചര്യത്തില്‍, അദ്ദേഹത്തിന് പകരക്കാരാകാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളും വിഷയത്തില്‍ നിലപാടുകളുമായി രംഗത്തെത്തി.
ഇടതുപക്ഷ നേതാവ് ജീന്‍- ലൂക്ക് മെലന്‍ഷോണ്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പൊലീസ് നടപടികളെ വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലെ പെന്‍ രാജ്യത്തെ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന നിലപാടാണ് മുന്നോട്ടുവച്ചത്.
