വാഷിങ്ടണ്‍: കോടതി അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനിടെ, വാഷിങ്ടണിലെ ചരിത്രപ്രാധാന്യമുള്ള ഗോള്‍ഫ് കോഴ്‌സ് നവീകരണത്തിനുള്ള പണി നവംബര്‍ 15ന് ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈസ്റ്റ് പൊട്ടോമാക് ഗോള്‍ഫ് ലിങ്ക്‌സ് നവീകരിച്ച് ഏകദേശം 15 മാസത്തിനുള്ളില്‍ വീണ്ടും തുറക്കാനാണ് പദ്ധതിയെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവും സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് പദ്ധതി നിയമപോരാട്ടത്തിലായിരിക്കെയാണ് പുതിയ പ്രഖ്യാപനം.
ഗോള്‍ഫ് കോഴ്‌സില്‍ കാര്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കോടതിയെ അറിയിക്കണമെന്ന് യുഎസ് ജില്ലാ ജഡ്ജി അന റെയ്‌സ് നേരത്തേ ഉത്തരവിട്ടിരുന്നു. കഴിഞ്ഞയാഴ്ച കോഴ്‌സിലെ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തിവയ്ക്കാനും ജഡ്ജി നിര്‍ദേശിച്ചു. മരങ്ങള്‍ നീക്കംചെയ്ത നടപടിയെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഗോള്‍ഫ് കോഴ്‌സുമായി ബന്ധപ്പെട്ട് അന്തിമ സര്‍ക്കാര്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന മുന്‍ നിലപാടില്‍ ഭരണകൂടം ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് വിശദീകരിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, ഗോള്‍ഫ് കോഴ്‌സ് പുനര്‍രൂപകല്‍പ്പന ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ ഏജന്‍സിയുടെ ഔദ്യോഗിക നടപടിയായി കണക്കാക്കാനാകില്ലെന്ന് അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ സ്റ്റാന്‍ലി വുഡ്‌വാര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വാദിച്ചു. ഗോള്‍ഫ് കോഴ്‌സിന്റെ രൂപകല്‍പ്പന മാറ്റുന്നതും മരങ്ങള്‍ വെട്ടിമാറ്റുന്നതും വേലികള്‍ മാറ്റുന്നതും കളിസ്ഥലം വികസിപ്പിക്കുന്നതും പുല്‍ത്തകിടി പരിപാലിക്കുന്നതും സാധാരണ ഭരണപരമായ നടപടികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഗോള്‍ഫ് കോഴ്‌സിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്നും അമേരിക്കയുടെ ചരിത്രപ്രാധാന്യമുള്ള പൈതൃകത്തിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുമെന്നും ആരോപിച്ച് ഡിസി പ്രിസര്‍വേഷന്‍ ലീഗ് ഫെബ്രുവരിയിലാണ് കോടതിയെ സമീപിച്ചത്. കേസ് നേരത്തേ തള്ളണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ ഒന്‍പതിന് ട്രംപ് ഭരണകൂടം അപേക്ഷ നല്‍കിയിരുന്നു. പദ്ധതി പ്രാഥമിക ആസൂത്രണ ഘട്ടത്തിലാണെന്നും നിയമനടപടി അകാലത്തിലാണെന്നുമായിരുന്നു വാദം.
എന്നാല്‍, അതിന്റെ തൊട്ടടുത്ത ദിവസം സ്ഥലത്തുനിന്ന് ഏകദേശം 500 മരങ്ങള്‍ നീക്കംചെയ്തു. പാര്‍ക്കിലെ സുരക്ഷ മെച്ചപ്പെടുത്താനും പഴയ രൂപകല്‍പ്പന പുനഃസ്ഥാപിക്കാനുമുള്ള നടപടിയാണിതെന്നും 2019ലെ പദ്ധതിയുടെ ഭാഗമാണെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് മരംമുറിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടത്.
അതേസമയം, കേസിന്റെ നടപടികള്‍ കൈകാര്യം ചെയ്തതില്‍ ട്രംപ് ഭരണകൂടത്തോടുള്ള കടുത്ത വിരോധം ജഡ്ജി പ്രകടിപ്പിച്ചെന്നാരോപിച്ച് അന റെയ്‌സിനെ കേസില്‍നിന്ന് മാറ്റണമെന്നും കേസ് മറ്റൊരു ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഭരണകൂടം വെള്ളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കി.
വൈറ്റ് ഹൗസിലും വാഷിങ്ടണിലെ മറ്റു ചരിത്രപ്രധാന സ്ഥലങ്ങളിലും മാറ്റങ്ങള്‍ വരുത്താനുള്ള ട്രംപിന്റെ പദ്ധതികളുടെ ഭാഗമാണ് ഗോള്‍ഫ് കോഴ്‌സ് നവീകരണം. കോടതി ഉത്തരവുകളും ഭരണകൂടത്തിന്റെ നിലപാടുകളും തമ്മിലുള്ള തര്‍ക്കം പദ്ധതിയുടെ തുടര്‍നടപടികളെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
ജഡ്ജിയുടെ വിലക്ക് മറികടന്ന് ഗോള്‍ഫ് കോഴ്‌സ് നവീകരണം; നവംബര്‍ 15ന് പണി തുടങ്ങുമെന്ന് ട്രംപ്
