കാനഡയിലെ സൈനിക പരിശീലന കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് നാല് സൈനികര്‍, നിരവധി പേര്‍ക്ക് പരിക്ക്

കാനഡയിലെ സൈനിക പരിശീലന കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് നാല് സൈനികര്‍, നിരവധി പേര്‍ക്ക് പരിക്ക്


ഒട്ടാവ: കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലുള്ള സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപിടിത്തത്തിലും കൊല്ലപ്പെട്ടത് നാല് സൈനികരെന്ന് റിപ്പോര്‍ട്ട്.  നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം വെയ്ന്റൈറ്റ് കനേഡിയന്‍ സൈനിക താവളത്തിലായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ തീ അതിവേഗം പടര്‍ന്ന് സൈനിക പരിശീലന മേഖലയ്ക്കു പുറത്തുള്ള ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചു.

 നാലു സൈനികര്‍ മരിച്ചതായി ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സമാധാനകാലത്ത് കനേഡിയന്‍ സൈനികര്‍ നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ന്യൂസ് നേരത്തേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വ്യക്തമാക്കിയിരുന്നു. മരണസംഖ്യ സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവരുന്നത്.

ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് പരിശീലന മേഖലയ്ക്കുള്ളില്‍ തീപിടിത്തമുണ്ടായത്. പിന്നാലെ സ്‌ഫോടനവും വന്‍ തീപിടിത്തവുമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സൈനികരും സിവിലിയന്‍ അടിയന്തരസേവന വിഭാഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കാനും ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാനും ശ്രമിച്ചു.

സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെടിവയ്പ് ഉള്‍പ്പെട്ട പരിശീലനത്തിനിടെ ഗ്യാസ് പൈപ്പിനോ ഗ്യാസ് കിണറിനോ കേടുപാടുണ്ടായതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നതിന് സൂചനകളൊന്നുമില്ലെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സംഭവം അതീവ ഗൗരവമുള്ളതും സങ്കീര്‍ണവുമായ സാഹചര്യമാണെന്ന് പ്രതിരോധമന്ത്രി ഡേവിഡ് മക്ഗിന്റി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ട സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ആല്‍ബര്‍ട്ട പ്രവിശ്യാ മുഖ്യമന്ത്രി ഡാനിയേല്‍ സ്മിത്തും ദുഃഖം രേഖപ്പെടുത്തി.

നേറ്റോ സൈനിക സമിതി അധ്യക്ഷന്‍ അഡ്മിറല്‍ ജുസെപ്പെ കാവോ ഡ്രാഗണും കനേഡിയന്‍ സൈനികര്‍ക്ക് പിന്തുണ അറിയിച്ചു. കാനഡ ഒറ്റയ്ക്കല്ല ഈ ദുഃഖം നേരിടുന്നതെന്നും നേറ്റോയിലെ 32 അംഗരാജ്യങ്ങളിലെയും പ്രതിരോധ മേധാവികള്‍ കനേഡിയന്‍ സായുധസേനയ്‌ക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ സൈനിക പരിശീലന കേന്ദ്രങ്ങളിലൊന്നാണ് വെയ്ന്റൈറ്റ്. യുദ്ധസമാന സാഹചര്യങ്ങള്‍ സൃഷ്ടിച്ചുള്ള പരിശീലനങ്ങള്‍ നടത്തുന്ന കനേഡിയന്‍ മാന്യൂവര്‍ ട്രെയിനിങ് സെന്ററും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.