ആലപ്പുഴ: വേമ്പനാട് കായലിന് കുറുകെ കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾക്കും രാഷ്ട്രീയ വാക്പോരുകൾക്കും വേദിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ പാലം നാടിന് സമർപ്പിച്ച ഔദ്യോഗിക ചടങ്ങിൽ, മുൻ എംപി എ.എം. ആരിഫിന് നേരെ സദസ്സിൽ നിന്ന് കൂക്കിവിളിയുയർന്നു. പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട ക്രെഡിറ്റ് തർക്കമാണ് വേദിയിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിതെളിച്ചത്. അതേസമയം, പ്രസംഗിക്കാൻ അവസരം നൽകാതെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ആരോപിച്ച് മുൻ എംഎൽഎ സി.കെ. ആശ വേദിവിട്ടിറങ്ങിപ്പോയതും വിവാദമായി.
പാലത്തിന്റെ 90 ശതമാനം നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്ന് എഎം ആരിഫ് അവകാശവാദം ഉന്നയിച്ചപ്പോഴാണ് സദസ്സിൽ നിന്ന് വലിയ രീതിയിൽ കൂവലുണ്ടായത്. സംഭവത്തിൽ അതൃപ്തി പരസ്യമാക്കിയ ആരിഫ്, സദസ്സിലുള്ളവർ മര്യാദ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. "പടച്ചതമ്പുരാൻ വിധിച്ചത് ഞങ്ങൾക്കാണ്, അതുകൊണ്ട് ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നു" എന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പി.കെ. ബഷീർ പറഞ്ഞതിനോട് താൻ പൂർണ്ണമായി യോജിക്കുന്നുവെന്ന് ആരിഫ് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പണികൾ ഏതാണ്ട് തീർന്നതാണെന്നും അന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ഉദ്ഘാടനത്തിന് സമയം ചോദിച്ചെങ്കിലും തീയതി ലഭിക്കാതിരുന്നതാണ് അന്ന് നടക്കാതിരുന്നതെന്നും, അങ്ങനെ പടച്ചതമ്പുരാൻ നിങ്ങൾക്ക് അവസരമൊരുക്കിയതാണെന്നും ആരിഫ് തിരിച്ചടിച്ചു. കിഫ്ബിയെക്കുറിച്ച് വേദിയിൽ ഉയർന്ന പരിഹാസങ്ങൾ വേദനിപ്പിച്ചുവെന്നും പെരുമ്പളം പാലം കിഫ്ബി വഴിയാണ് യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉദ്ഘാടന പ്രസംഗത്തിനിടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഈ പാലം ഉമ്മൻചാണ്ടി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും കെസി വേണുഗോപാൽ എംപി ഇതിനായി നിരന്തരം ഇടപെട്ടിരുന്നുവെന്നും എടുത്തുപറഞ്ഞു. ചടങ്ങിനിടെ ആലപ്പുഴ എംപി കെസി വേണുഗോപാലിൻ്റെ പേര് പറയാതിരുന്ന പൊതുമരാമത്ത് മന്ത്രി പികെ ബഷീറിനോട് കെസിയുടെ പേര് പറയാൻ സദസ് ആവശ്യപ്പെടുകയായിരുന്നു. അതിന് കെസി ഇവിടെ ഇല്ലല്ലോ എന്ന് പികെ ബഷീർ തിരിച്ചടിച്ചു. ഞാൻ ഏറനാടുകാരനാണെന്നും നിങ്ങടെ ശൗര്യം എനിക്ക് മനസിലാകുമെന്നും പറഞ്ഞ മന്ത്രി, അതിന് അനുസരിച്ച് മറുപടി പറയുമെന്നും ഉദ്ഘാടന വേദിയില് കൂട്ടിച്ചേര്ത്തു.
വിളിച്ച് വരുത്തി അപമാനിച്ചെന്ന് സി.കെ. ആശ
ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതിനെ തുടർന്ന് മുൻ എംഎൽഎ സികെ ആശ വേദിയിൽ പരസ്യമായി പ്രതിഷേധിച്ചു. തന്നെ വേദിയിലേക്ക് ക്ഷണിച്ചുവരുത്തി അധിക്ഷേപിക്കുകയായിരുന്നുവെന്ന് മൈക്കിലൂടെ വിളിച്ച് പറഞ്ഞുകൊണ്ട് അവർ ഇറങ്ങിപ്പോകാൻ തുടങ്ങി. സംഘാടകർ തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ ആശ തയ്യാറായില്ല. ഇതിനുപുറമെ, പദ്ധതിക്ക് വലിയ സംഭാവനകൾ നൽകിയ അമ്പലപ്പുഴ എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ ജി. സുധാകരനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
തുറവൂർ-പമ്പ സംസ്ഥാനപാതയുടെ രണ്ടാം ഘട്ടമായി നിർമ്മിച്ച മാക്കേക്കടവ്-നേരേകടവ് പാലത്തിന് 850 മീറ്റർ നീളമാണുള്ളത്. ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിന്റെ തെക്കൻ തീരപ്രദേശത്തെ കോട്ടയം ജില്ലയിലെ വൈക്കം മണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്തുമായാണ് ഈ പാലം ബന്ധിപ്പിക്കുന്നത്. 2017-ൽ എൽഡിഎഫ് സർക്കാരാണ് പാലത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്.
എൽഡിഎഫ് ബദൽ ആഘോഷവും ജനകീയ നടത്തവും
പാലത്തിന്റെ അവകാശവാദത്തെച്ചൊല്ലി യുഡിഎഫ് സർക്കാരും എൽഡിഎഫും തമ്മിൽ തർക്കം മുറുകിയതോടെ, ഉദ്ഘാടനത്തിന് തൊട്ടുമുൻപ് പദ്ധതിയുടെ നാൾവഴികൾ വ്യക്തമാക്കിക്കൊണ്ട് എൽഡിഎഫ് നേതൃത്വം വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നാട്ടുകാരെ അണിനിരത്തി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പുതിയ പാലത്തിലൂടെ ജനകീയ നടത്തവും സംഘടിപ്പിക്കും. പരിപാടിയിൽ എ.എം. ആരിഫ്, സി.കെ. ആശ, എംഎൽഎ ദലീമ ജോജോ എന്നിവർ പങ്കെടുക്കും. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ വികസന നേട്ടം ഇതോടെ ശക്തമായ രാഷ്ട്രീയ ചേരിപ്പോരിനാണ് വഴിതുറന്നിരിക്കുന്നത്.
മാക്കേക്കടവ്-നേരേകടവ് പാലം ഉദ്ഘാടനത്തിൽ നാടകീയ രംഗങ്ങൾ; എഎം ആരിഫിന് നേരെ കൂവൽ; വിളിച്ച് വരുത്തി അപമാനിച്ചെന്ന് ആരോപിച്ച് സികെ ആശ വേദിവിട്ടു
