കാനഡയിലെ സൈനിക താവളത്തില്‍ സ്‌ഫോടനവും തീപിടിത്തവും

കാനഡയിലെ സൈനിക താവളത്തില്‍ സ്‌ഫോടനവും തീപിടിത്തവും


എഡ്മണ്‍ടണ്‍: ആല്‍ബര്‍ട്ട പ്രവിശ്യയിലുള്ള സൈനിക താവളത്തില്‍ സ്‌ഫോടനത്തിലും തീപിടിത്തത്തിലും ആളപായവും പരിക്കുകളും സംഭവിച്ചതായി പ്രതിരോധമന്ത്രി ഡേവിഡ് മക്ഗിന്റ്റി അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. മരണസംഖ്യയോ അപകടത്തിന്റെ കാരണമോ സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍ സി എം പി) പങ്കാളികളാണെന്നും സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണവും സൂക്ഷ്മവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കനേഡിയന്‍ സായുധസേനയും ഫെഡറല്‍, പ്രവിശ്യാ, പ്രാദേശിക ഭരണകൂടങ്ങളും സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

എഡ്മണ്‍ടണില്‍നിന്ന് ഏകദേശം 180 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വെയിന്റൈറ്റ് കനേഡിയന്‍ സൈനിക താവളം രാജ്യത്തെ പ്രധാന സൈനിക പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന യുദ്ധപരിശീലനങ്ങള്‍ നടത്തുന്ന കനേഡിയന്‍ മാനുവര്‍ ട്രെയിനിങ് സെന്ററും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

വെയിന്റൈറ്റ് മുനിസിപ്പല്‍ ഡിസ്ട്രിക്ടിന്റെ അറിയിപ്പുപ്രകാരം ശനിയാഴ്ച സൈനിക താവളത്തില്‍ പടര്‍ന്ന തീ അതിര്‍ത്തി കടന്ന് പുറത്തേക്ക് വ്യാപിച്ചിരുന്നു. ശക്തമായ കാറ്റ് തീ അതിവേഗം പടരാന്‍ കാരണമായി. എന്നാല്‍, പ്രദേശത്ത് ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.

സംഭവത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവരെയും ഓര്‍ക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ആല്‍ബര്‍ട്ട പ്രവിശ്യാ സര്‍ക്കാരുമായും പ്രാദേശിക അധികാരികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും പ്രവിശ്യാ മുഖ്യമന്ത്രി ഡാനിയേല്‍ സ്മിത്തുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.