തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടി വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ അതിവേഗ നടപടിയുമായി സർക്കാർ. വിവാദ ഉത്തരവിന് കാരണക്കാരനായ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. പകരം വി. സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അനിൽ കുമാറിന് പുതിയ നിയമനങ്ങളൊന്നും നൽകിയിട്ടില്ല.
സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ, വകുപ്പ് മന്ത്രിയെ പോലും ഇരുട്ടിൽ നിർത്തി ഇത്തരം നയപരമായ തീരുമാനങ്ങൾ എടുത്തതിലുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് കർശന നടപടി. ബേക്കറി വഴിയുള്ള വൈൻ വിൽപ്പന സർക്കാരിന്റെ അറിവോടെയല്ല നടന്നതെന്നും, ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി എം ലിജു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2024-ല് എല്ഡിഎഫ് സര്ക്കാര് ഇതു സംബന്ധിച്ച് നടത്തിയ അബ്കാരി ചട്ടഭേദഗതി പരിശോധിക്കാന് അഡീഷണല് ചീഫ് സെക്രട്ടറി കെ. ആര്. ജ്യോതിലാലിന് എക്സൈസ് മന്ത്രിഎം. ലിജു നിര്ദേശം നല്കിയിട്ടുണ്ട്.
15 ശതമാനത്തോളം വീര്യമുള്ള ഹോര്ട്ടി വൈന് ബേക്കറികളിലും സാധാരണ കടകളിലും വില്പ്പന നടത്തുന്നത് എത്രമാത്രം ഗുണകരമാകുമെന്നതില് സര്ക്കാരിന് ശക്തമായ ആശങ്കയുണ്ട്. നിലവില് പുതിയ മദ്യനയ ചര്ച്ചകള് നടന്നു വരുന്നതിനിടയിലാണ് ഈ അനുമതി നല്കിയതെന്നത് ഗൗരവത്തോടെയാണ് സര്ക്കാര് കാണുന്നതെന്നും മന്ത്രി എം. ലിജു പറഞ്ഞു. ഇതൊരു പോളിസി ഡിസിഷന് ആയതിനാല് മന്ത്രിയെ അറിയിക്കേണ്ടതായിരുന്നു. പുതിയ എക്സൈസ് കമ്മിഷണര് ചുമതലയേറ്റ് രണ്ട് ദിവസത്തിനകമാണ് ഉത്തരവിറങ്ങിയത്. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥര് പഴയ നയപ്രകാരം ധാരണ നല്കിയതിനെത്തുടര്ന്നാണ് കമ്മിഷണര്ക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നതെന്നാണ് വ്യക്തമാകുന്നത്. മന്ത്രിയെ ഉള്പ്പെടെ അറിയിച്ചിട്ട് വേണമായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുക്കേണ്ടിയിരുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാര്ശ ചെയ്തത്.
ഉത്തരവിറങ്ങിയതിലുള്ള തങ്ങളുടെ അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശവും നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ മദ്യനയം സംബന്ധിച്ച പ്രഖ്യാപനം വരുന്നതുവരെ ഫോർട്ടിവൈനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ബേക്കറികളിലും വൈൻ വില്പന നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കമ്മീഷണർക്കായിക്കും.
2024 ജനുവരി 24 നാണ് ഇതു സംബന്ധിച്ച അബ്കാരി ചട്ടങ്ങളില് ഭേദഗതി വരുത്തിയുള്ള ഉത്തരവ് വരുത്തി രണ്ടാം പിണറായി സര്ക്കാര് ഉത്തരവിറക്കിയത്. ഫോറിന് ലിക്വര് അമെന്ഡ്മെൻ്റ് റൂള് എന്ന പേരിലാണ് ഇതു സംബന്ധിച്ച ചട്ടം 2024 ല് കൊണ്ടു വന്നത്. ഹോര്ട്ടി വൈനിൻ്റെ ചില്ലറ വില്പ്പന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ ചട്ടം കൊണ്ടു വന്നത്.
ഹൈപ്പര്മാര്ക്കറ്റുകള്, സൂപ്പര്മാര്ക്കറ്റുകള്, ഷോപ്പിംഗ് മാളുകള്, 100 ചതുരശ്രമീറ്ററില് കുറയാത്ത വിസ്തീര്ണമുള്ള ബേക്കറികള് എന്നിവിടങ്ങളിലാണ് വില്പ്പനയ്ക്ക് അനുമതിയുള്ളത്. എന്നാല് വാങ്ങുന്നിടത്ത് വച്ച് വൈന് ഉപയോഗിക്കാന് അനുമതിയില്ലെന്ന് ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 10,000 രൂപയാണ് വാര്ഷിക ലൈസന്സ് ഫീസ്. 1953 ലെ അബ്കാരി നിയമത്തില് ഭേഗദതി വരുത്തിയാണ് പുതിയ ഉത്തരിറക്കിയിരിക്കുന്നത്. ഈ ഉത്തരവാണ് ഇപ്പോള് സര്ക്കാര് റദ്ദ് ചെയ്തിരിക്കുന്നത്.
ഇടപെട്ട് മുഖ്യമന്ത്രി; റിപ്പോർട്ട് തേടി മന്ത്രി
വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടു. ചാലക്കുടിയിലെ എം.സി.ആർ. ബേക്കറിക്ക് അനുവദിച്ച ഹോർട്ടിവൈൻ വിൽപ്പന ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രി കർശന നിർദേശം നൽകി. ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് വഴിയൊരുക്കിയ മുൻ സർക്കാരിന്റെ അബ്കാരി നിയമഭേദഗതി പുനഃപരിശോധിക്കാനും എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബേക്കറി വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയത് യു.ഡി.എഫ്. സർക്കാരാണെന്നും ജൂൺ മാസത്തിലാണ് ലൈസൻസ് അനുവദിച്ചതെന്നും മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. എന്നിട്ടും ഇക്കാര്യം അറിയില്ലെന്നാണ് നിലവിലെ എക്സൈസ് മന്ത്രിയുടെ വാദമെന്നും, വിവാദം ഉയർന്നതിനു പിന്നാലെ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം കൈയടി നേടാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ സർക്കാർ നിശ്ചയിച്ച ചട്ടങ്ങളും നിയമങ്ങളും പൂർണ്ണമായും പാലിച്ചാണ് ബേക്കറി വഴി ഹോർട്ടിവൈൻ വിറ്റതെന്ന് ഉൽപ്പാദകരായ ഡിസ്റ്റിലറിയുടെ ഉടമ കൊച്ചേരി സുരേഷ് വ്യക്തമാക്കി. സർക്കാർ സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ എക്സൈസ് വകുപ്പിന്റെ തീരുമാനമാണ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചർച്ച നടത്തിയ ശേഷമാണ് ലൈസൻസ് റദ്ദാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. എക്സൈസ് കമ്മീഷണറുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. 15 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഹോർട്ടിവൈൻ ബേക്കറികൾ വഴി വിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ, ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. 2024 ജനുവരി 24-ലെ അബ്കാരി നിയമഭേദഗതി പ്രകാരം സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബേക്കറികൾ എന്നിവിടങ്ങളിൽ ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകാമായിരുന്നു. 2025 നവംബറിൽ ചാലക്കുടിയിലെ ബേക്കറി അപേക്ഷിച്ചെങ്കിലും യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ജൂൺ 21-നാണ് വിൽപ്പനയ്ക്ക് ഔദ്യോഗിക അനുമതി ലഭിച്ചത്. ബേക്കറികളിൽ വൈൻ വിൽക്കാനുള്ള നീക്കം പുറത്തുവന്നതോടെ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ ശക്തമായിരിക്കുകയാണ്.
ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ തെറിച്ചു; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി
