എച്ച്-1ബി വിസ പരാമര്‍ശം പിഴവായിരുന്നെന്ന് സമ്മതിച്ച് ജെ ഡി വാന്‍സ്; കുടിയേറ്റക്കാരനെ പഴിചാരിയതില്‍ വിശദീകരണം

എച്ച്-1ബി വിസ പരാമര്‍ശം പിഴവായിരുന്നെന്ന് സമ്മതിച്ച് ജെ ഡി വാന്‍സ്; കുടിയേറ്റക്കാരനെ പഴിചാരിയതില്‍ വിശദീകരണം


വാഷിംഗ്ടണ്‍: എച്ച്-1ബി വിസയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ അപൂര്‍ണമായിരുന്നുവെന്ന് സമ്മതിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. സി ബി എസ് ന്യൂസ് സംഘടിപ്പിച്ച 'തിംഗ്‌സ് ദാറ്റ് മാറ്റര്‍' എന്ന പേരിലുള്ള ഒരു മണിക്കൂര്‍ നീണ്ട പരിപാടിയില്‍, സ്വാഭാവികവത്ക്കരണത്തിലൂടെ യു എസ് പൗരത്വം നേടിയ നിവ് അഗരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തന്റെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഭരണകൂടങ്ങളുടെ വീഴ്ചകള്‍ക്ക് കുടിയേറ്റക്കാരെ ബലിയാടാക്കുകയാണെന്ന് നിവ് അഗരം വാന്‍സിനെ വിമര്‍ശിച്ചു. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള നടപടികളും എച്ച്-1ബി വിസ തൊഴിലാളികളെക്കുറിച്ചുള്ള വാന്‍സിന്റെ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ഐ സി ഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) സൈനിക പൊലീസിനെപ്പോലെ പെരുമാറുന്നത് കണ്ടുവെന്നും എച്ച്-1ബി വിസ തൊഴിലാളികളെ നിങ്ങള്‍ 'കരാര്‍ അടിമകള്‍' എന്നു വിളിക്കുകയും ചെയ്തുവെന്നും അങ്ങനെയെങ്കില്‍ അമേരിക്കക്കാര്‍ സുരക്ഷിതരാണെന്ന് പറയാനാകുമോ എന്നും നിങ്ങള്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ക്ക് കുടിയേറ്റക്കാരെ എന്തിനാണ് ബലിയാടാക്കുന്നതെന്നുമായിരുന്നു നിവ് അഗരത്തിന്റെ ചോദ്യം.

തന്റെ പരാമര്‍ശങ്ങളില്‍ അപൂര്‍ണതയുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണ് എന്നായിരുന്നു വാന്‍സ് മറുപടി നല്‍കിയത്. എച്ച്-1ബി വിസ ഉടമകളെയല്ല, മറിച്ച് തൊഴിലാളികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാവുന്ന വിധത്തില്‍ അവരെ ആശ്രിതാവസ്ഥയില്‍ നിര്‍ത്തുന്ന വിസ സംവിധാനത്തെയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയുമാണ് താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഒരു വ്യക്തിയെ ഫലത്തില്‍ കരാര്‍ അടിമയെപ്പോലെ പരിഗണിക്കുകയും പിന്നീട് സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്യാന്‍ അനുവദിക്കുന്ന വിസ സംവിധാനത്തിനെതിരായ വിമര്‍ശനമാണിതെന്നും വാന്‍സ് പറഞ്ഞു.

കുടിയേറ്റവിരുദ്ധ നിലപാടുകളാണ് തനിക്കുള്ളതെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി തന്റെ കുടുംബപശ്ചാത്തലവും വാന്‍സ് പരാമര്‍ശിച്ചു. ഭാര്യ ഉഷ വാന്‍സിന്റെ മാതാപിതാക്കള്‍ ദക്ഷിണേന്ത്യയില്‍നിന്ന് കുടിയേറിയവരാണെന്നും അവരോട് തനിക്ക് ഏറെ സ്‌നേഹവും ആദരവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ജനിച്ച അവരുടെ മകള്‍ ഇന്ന് രാജ്യത്തിന്റെ സെക്കന്‍ഡ് ലേഡിയാണെന്നും അവളെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും താന്‍ അവളെ ഏറെ സ്‌നേഹിക്കുന്നുവെന്നും വാന്‍സ് വ്യക്തമാക്കി.

ഒക്ടോബര്‍ ആദ്യം എച്ച്-1ബി വിസ ഉടമകളെ 'വിദേശ കരാര്‍ അടിമകള്‍' എന്ന് വിശേഷിപ്പിച്ചതിലൂടെ വാന്‍സ് നയതന്ത്രതലത്തില്‍ വിവാദത്തിന് വഴിവെച്ചിരുന്നു. വാഷിംഗ്ടണ്‍ ഡി സിയില്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണ യോഗത്തിലും തട്ടിപ്പ് തടയുന്നതിനുള്ള പ്രത്യേക ദൗത്യസംഘത്തിന്റെ വാര്‍ത്താസമ്മേളനത്തിലുമായിരുന്നു പരാമര്‍ശം. അഡോബി, മൈക്രോസോഫ്റ്റ് തുടങ്ങിയ സാങ്കേതിക കമ്പനികളെ പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ ഗ്രീന്‍ കാര്‍ഡ് പദ്ധതിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതായി പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു ഇത്.

വാന്‍സിന്റെ പരാമര്‍ശത്തിനെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. പ്രതിവര്‍ഷം അംഗീകരിക്കപ്പെടുന്ന എച്ച്-1ബി വിസ അപേക്ഷകളില്‍ ഏകദേശം 70 ശതമാനവും ഇന്ത്യക്കാരുടേതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപയോഗിച്ച പദപ്രയോഗം അങ്ങേയറ്റം അധിക്ഷേപകരമാണെന്നും അടിമത്തത്തിന്റെയും കൊളോണിയല്‍ ഭരണത്തിന്റെയും വേദനാജനകമായ ചരിത്രത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.