വാഷിങ്ടണ്‍: ജീവിതച്ചെലവുകള്‍ കുറയ്ക്കുമെന്നും ആരോഗ്യപരിരക്ഷ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുമെന്നും വാഗ്ദാനം ചെയ്ത് സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി റോയ് കൂപ്പര്‍ മുന്നേറുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ദീര്‍ഘകാലമായി മേല്‍ക്കൈയുള്ള നോര്‍ത്ത് കരോലിനയില്‍ മുന്‍ ഗവര്‍ണറായ കൂപ്പര്‍ നേടിയ മുന്നേറ്റം മറ്റ് സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കും മാതൃകയാകുമോയെന്ന ചര്‍ച്ച സജീവമായി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്കല്‍ വാട്ട്‌ലിക്കെതിരെ കൂപ്പര്‍ ഇരട്ടയക്ക ഭൂരിപക്ഷത്തില്‍ മുന്നിലാണെന്നാണ് ഒക്ടോബറിലെ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒക്ടോബറില്‍ സര്‍വേ യുഎസ്എ നടത്തിയ അഭിപ്രായ സര്‍വേയില്‍ കൂപ്പര്‍ 14 ശതമാനം പോയിന്റിന്റെ ലീഡ് നേടിയിരുന്നു. തിരഞ്ഞെടുപ്പിന് മൂന്നാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ നോര്‍ത്ത് കരോലിനയിലെ ടെലിവിഷന്‍ പരസ്യപ്രചാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ച റിപ്പബ്ലിക്കന്‍ സെനറ്റ് അനുകൂല രാഷ്ട്രീയ പ്രവര്‍ത്തന സമിതി, അയോവ, കന്‍സസ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
69 വയസ്സുള്ള കൂപ്പര്‍ പ്രചാരണവേദികളില്‍ പ്രധാനമായും ഉയര്‍ത്തുന്നത് സാധാരണക്കാരുടെ സാമ്പത്തിക പ്രതിസന്ധിയാണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കുമെന്ന വാഗ്ദാനത്തോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ധിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തുന്നു. ഡോക്ടറെ കാണുന്നതിനും കുടുംബത്തിന് ഭക്ഷണം വാങ്ങുന്നതിനും ഇടയില്‍ ഒന്നുതെരഞ്ഞെടുക്കേണ്ട സാഹചര്യം ജനങ്ങള്‍ക്കുണ്ടാകരുതെന്ന് സെപ്റ്റംബര്‍ 26ന് റാലിയില്‍ അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള നോര്‍ത്ത് കരോലിന നിയമസഭയെ ആറുവര്‍ഷം നീണ്ട ശ്രമത്തിലൂടെ മെഡിക്കെയ്ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിക്കാന്‍ സമ്മതിപ്പിച്ചതാണ് കൂപ്പര്‍ തന്റെ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്. 2023ല്‍ നടപ്പാക്കിയ ഈ വിപുലീകരണത്തിലൂടെ സംസ്ഥാനത്തെ ഏഴുലക്ഷത്തിലധികം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രാഷ്ട്രീയ എതിരാളികളുമായി സഹകരിച്ചും ജനങ്ങള്‍ക്ക് പ്രയോജനകരമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നതിന് തെളിവായാണ് അദ്ദേഹം ഇതിനെ അവതരിപ്പിക്കുന്നത്.
അതേസമയം, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് പാസാക്കിയ നികുതിബജറ്റ് നിയമത്തിലെ ആരോഗ്യപരിരക്ഷാ വെട്ടിക്കുറയ്ക്കലുകളെ കൂപ്പര്‍ വിമര്‍ശിക്കുന്നു. മെഡിക്കെയ്ഡ് പദ്ധതിയില്‍നിന്ന് ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ കുറയ്ക്കുന്ന നിയമം അര്‍ഹരായവരുടെ ആരോഗ്യപരിരക്ഷയെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. സമ്പന്നരായ ശതകോടീശ്വരന്മാര്‍ക്ക് നികുതിയിളവ് നല്‍കുന്നതിനായി സാധാരണക്കാരുടെ ആരോഗ്യപരിരക്ഷയ്ക്ക് തിരിച്ചടിയുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍, നിയമം നികുതി കുറയ്ക്കുകയും അര്‍ഹരായവര്‍ക്ക് മെഡിക്കെയ്ഡ് പരിരക്ഷ ഉറപ്പാക്കുകയും തട്ടിപ്പും ദുരുപയോഗവും തടയുകയും ചെയ്യുമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
കോവിഡ് കാലത്ത് നടപ്പാക്കിയ ഒബാമകെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡികള്‍ വെട്ടിക്കുറച്ചതും പ്രചാരണത്തില്‍ കൂപ്പര്‍ ഉന്നയിക്കുന്നു. ഇതേത്തുടര്‍ന്ന് വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് വിപണിയിലെ പ്രീമിയം വര്‍ധിക്കുകയും സംസ്ഥാനത്ത് രണ്ടുലക്ഷത്തിലധികം പേര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപേക്ഷിക്കുകയും ചെയ്തതായി ആരോഗ്യനയ ഗവേഷണ സ്ഥാപനമായ കെഎഫ്എഫിന്റെ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
നോര്‍ത്ത് കരോലൈനയിലെ വോട്ടര്‍മാരില്‍ ഏകദേശം 40 ശതമാനം പേരും ഡെമോക്രാറ്റിക് പാര്‍ട്ടിയിലോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലോ അംഗത്വമില്ലാത്തവരാണ്. ഇരുപാര്‍ട്ടികളിലും അംഗങ്ങളായവരുടെ വിഹിതം ഏകദേശം 30 ശതമാനം വീതമാണ്. ഈ സ്വതന്ത്ര വോട്ടര്‍മാരെയും മിതവാദികളായ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെയും ആകര്‍ഷിക്കാന്‍ കൂപ്പറിന്റെ സാമ്പത്തികആരോഗ്യപരിരക്ഷാ വിഷയങ്ങള്‍ സഹായിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
നോര്‍ത്ത്കരോലൈനയില്‍ കൂപ്പറിന്റെ വിജയം മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കും ആവര്‍ത്തിക്കാനാകുമെന്ന് റിപ്പബ്ലിക്കന്‍ രാഷ്ട്രീയ നിരീക്ഷകന്‍ വിറ്റ് അയേഴ്‌സ് അഭിപ്രായപ്പെട്ടു. കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയറിനെപ്പോലുള്ള മിതവാദികളായ ഡെമോക്രാറ്റിക് നേതാക്കള്‍ക്കും സമാനമായ തന്ത്രം പ്രയോജനപ്പെടാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ നാലു സീറ്റുകളുടെ വര്‍ധന ആവശ്യമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53-47 എന്ന ഭൂരിപക്ഷമുള്ള സെനറ്റില്‍ നിയന്ത്രണം നേടാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമത്തില്‍ നോര്‍ത്ത് കരോലിനയിലെ മത്സരം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ പ്രചാരണ റാലിയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പ്രതീക്ഷിക്കുന്ന സന്ദര്‍ശനവും റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെ കൂടുതല്‍ സജീവമാക്കുമെന്ന് വാട്ട്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
കൂപ്പറിന്റെ മുന്നേറ്റം ജനപ്രീതിയുള്ള മുന്‍ ഗവര്‍ണറെന്ന വ്യക്തിപരമായ സ്വാധീനത്തിന്റെ ഫലമാണോ അതോ ജീവിതച്ചെലവും ആരോഗ്യപരിരക്ഷയും കേന്ദ്രീകരിച്ചുള്ള പ്രചാരണതന്ത്രത്തിന്റെ വിജയമാണോ എന്നതാണ് ഡെമോക്രാറ്റുകള്‍ക്ക് മുന്നിലുള്ള പ്രധാന ചോദ്യം.
സെനറ്റ് പോരാട്ടത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രതീക്ഷയായി റോയ് കൂപ്പര്‍; ജീവിതച്ചെലവും ആരോഗ്യപരിരക്ഷയും പ്രചാരണായുധം
