കലാപകാരികള്‍ നാശനഷ്ടങ്ങള്‍ക്ക് പണം നല്‍കണം; ഫ്രാന്‍സില്‍ പ്രതിഷേധ അക്രമത്തിനെതിരെ കടുത്ത നടപടിയെന്ന് മാക്രോണ്‍

കലാപകാരികള്‍ നാശനഷ്ടങ്ങള്‍ക്ക് പണം നല്‍കണം; ഫ്രാന്‍സില്‍ പ്രതിഷേധ അക്രമത്തിനെതിരെ കടുത്ത നടപടിയെന്ന് മാക്രോണ്‍


പാരിസ്: ജീവിതച്ചെലവുകള്‍ വര്‍ധിച്ചതിനെതിരെ ഫ്രാന്‍സില്‍ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ അക്രമങ്ങളിലും കൊള്ളയിലും കടുത്ത രോഷവും ലജ്ജയും രേഖപ്പെടുത്തി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പൊതുമുതലും സ്വകാര്യ സ്വത്തുക്കളും നശിപ്പിച്ചവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്തതില്‍ സുരക്ഷാസേനയ്ക്കുണ്ടായ വീഴ്ചകളും അന്വേഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

'ഇന്ന് രാത്രി നമുക്കെല്ലാവര്‍ക്കും രോഷവും ലജ്ജയുമാണ് തോന്നുന്നത്. നാശനഷ്ടങ്ങള്‍ വരുത്തിയവര്‍ അതിന് വില നല്‍കണം' എന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു. ന്യായമായ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചവരെയും അക്രമം അഴിച്ചുവിട്ട് കൊള്ളയും നശീകരണവും നടത്തിയവരെയും ഒരേ നിലയില്‍ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷക്കണക്കിന് ആളുകളാണ് ന്യായമായ ആവശ്യങ്ങളുമായി പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളില്‍ നാശനഷ്ടം നേരിട്ട നഗരങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ നടപടിയെടുക്കും. മേയര്‍മാരുമായി ചേര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരായ നിയമനടപടികള്‍ മാതൃകാപരമായിരിക്കണം. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രോസിക്യൂട്ടര്‍മാരോട് ആവശ്യപ്പെട്ടു.

പ്രതിഷേധങ്ങള്‍ നേരിടുന്നതില്‍ സുരക്ഷാസേനയുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇന്റലിജന്‍സ് വിവരശേഖരണത്തിലും അക്രമസാധ്യത മുന്‍കൂട്ടി തിരിച്ചറിയുന്നതിലും ഉണ്ടായ വീഴ്ചകള്‍ പരിശോധിച്ച് ആവശ്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആഭ്യന്തരമന്ത്രി ലോറന്റ് നുനെസിനോട് നിര്‍ദേശിച്ചതായും മാക്രോണ്‍ പറഞ്ഞു.

ഇന്ധനവില വര്‍ധന ഉള്‍പ്പെടെയുള്ള ജീവിതച്ചെലവുകളാണ് പ്രതിഷേധങ്ങള്‍ക്ക് പ്രധാന കാരണമായത്. ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ന്യായമാണെന്ന് അംഗീകരിച്ച മാക്രോണ്‍, പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും ഫ്രാന്‍സിനെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. യുദ്ധത്തില്‍ ഫ്രാന്‍സ് പങ്കാളിയല്ലെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെ ജനങ്ങളും സമാനമായ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ അക്രമത്തിലൂടെയല്ല, സമാധാനപരമായ സംവാദങ്ങളിലൂടെ പരിഹരിക്കണമെന്നും മാക്രോണ്‍ ആഹ്വാനം ചെയ്തു. പൊതുയോഗങ്ങള്‍, പത്രങ്ങള്‍, ടെലിവിഷന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയിലൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണം. രാജ്യത്തിന് ഉത്തരവാദിത്വബോധത്തോടെയുള്ള മികച്ച തിരഞ്ഞെടുപ്പാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഫ്രാന്‍സിലുടനീളം നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഏകദേശം 2,400 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജെന്‍ഡാര്‍മുകള്‍ക്കും പരിക്കേറ്റതായും ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.