2035ഓടെ ബെയ്ജിങ് അതിവാര്‍ധക്യത്തിലേക്ക്; മൂന്നിലൊരാള്‍ വീതം 60 വയസ്സിന് മുകളിലാകും

2035ഓടെ ബെയ്ജിങ് അതിവാര്‍ധക്യത്തിലേക്ക്; മൂന്നിലൊരാള്‍ വീതം 60 വയസ്സിന് മുകളിലാകും


ബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് 2035ഓടെ അതിവാര്‍ധക്യ സമൂഹമായി മാറുമെന്ന് റിപ്പോര്‍ട്ട്. നഗരത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും അന്ന് 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കുമെന്ന് ഔദ്യോഗിക മാധ്യമമായ ബെയ്ജിങ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു. അതിവേഗം പ്രായമേറുന്ന ജനസംഖ്യയും കുറഞ്ഞുവരുന്ന ജനനനിരക്കും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക സുരക്ഷാ സംവിധാനത്തിനും വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് ബെയ്ജിങ്ങില്‍ സ്ഥിരതാമസക്കാരായ 60 വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ 52.9 ലക്ഷമായിരുന്നു. നഗരത്തിലെ ആകെ ജനസംഖ്യയുടെ നാലിലൊന്നിനടുത്താണിത്. വരുംവര്‍ഷങ്ങളില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടെ അവരുടെ ക്ഷേമത്തിനും ആരോഗ്യപരിരക്ഷയ്ക്കും കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്തേണ്ടിവരും. ഇതിന്റെ ഭാഗമായി അടിസ്ഥാന പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നഗരഭരണകൂടം ശക്തമാക്കിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 മുതല്‍ ചൈനയുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. ജനനനിരക്കിലെ ഇടിവും ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധനയും ചേര്‍ന്ന് രാജ്യത്തെ ജനസംഖ്യാ ഘടനയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. തൊഴില്‍പ്രായത്തിലുള്ളവരുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ വിഹിതം ഉയരുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

വരുംദശകങ്ങളില്‍ കോടിക്കണക്കിന് ആളുകള്‍ തൊഴില്‍മേഖലയില്‍നിന്ന് വിരമിക്കുന്നതോടെ പെന്‍ഷന്‍ പദ്ധതികള്‍ക്കുമേല്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിക്കും. ഇതിനകം തന്നെ പെന്‍ഷന്‍ ബജറ്റുകള്‍ കടുത്ത സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക ചൈനീസ് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ ശ്രമങ്ങളെയും ഈ ജനസംഖ്യാ മാറ്റം ബാധിച്ചേക്കും.

ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ചൈനയുടെ സാമ്പത്തിക നയത്തിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. ജനനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി ഈ വര്‍ഷം ഏകദേശം 180 ബില്യണ്‍ യുവാന്‍ (ഏകദേശം 26.92 ബില്യണ്‍ ഡോളര്‍) വരെ ചെലവ് വരാമെന്നാണ് റോയിട്ടേഴ്‌സിന്റെ കണക്ക്.

ഇന്നത്തെ കുറഞ്ഞ ജനനനിരക്ക് ഭാവിയില്‍ കുടുംബങ്ങളുടെ എണ്ണത്തിലും ഉപഭോഗ വളര്‍ച്ചയിലും ഇടിവുണ്ടാക്കാമെന്ന് ജനസംഖ്യാ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുകയും പുതിയ തലമുറയുടെ വലുപ്പം കുറയുകയും ചെയ്യുന്ന സാഹചര്യം ചൈനയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക സുരക്ഷയ്ക്കും നിര്‍ണായക വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.