ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രമേയം പാസാക്കിയ ഇസ്ലാമിക സഹകരണ സംഘടനയായ ഒ ഐ സിക്കെതിരെ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍) രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ഒ ഐ സി പ്രമേയത്തിലെ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരവും പക്ഷപാതപരവും വസ്തുതാവിരുദ്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരം പരാമര്‍ശങ്ങളെന്നും സ്വന്തം സങ്കുചിത അജണ്ട നടപ്പാക്കാന്‍ പാകിസ്താന്‍ ഒ ഐ സിയെ ദുരുപയോഗം ചെയ്യുകയാണെന്നും മന്ത്രാലയം ആരോപിച്ചു.
പാകിസ്താന്റെ സ്വാധീനത്തില്‍ ഒ ഐ സി നടത്തിയ അനാവശ്യവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ പരാമര്‍ശങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഭീകരവാദത്തെ ഭരണകൂട നയത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഇറാഖിലെ ബാഗ്ദാദില്‍ നടന്ന ഒ ഐ സി വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 52-ാമത് സമ്മേളനത്തില്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് പാസാക്കിയ പ്രമേയങ്ങളാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണത്തിന് ഇടയാക്കിയത്. സംഘടനയിലെ സ്ഥാപകാംഗവും പ്രധാന അംഗവുമാണ് പാകിസ്താന്‍.
ബാഗ്ദാദ് സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളിലെ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ഒ ഐ സിക്ക് യാതൊരു അധികാരവുമില്ലെന്ന് തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യവും അവിഭക്തവുമായ ഭാഗങ്ങളാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
2019-ല്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീര്‍ ഗണ്യമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിന് നേര്‍വിപരീതമായ സാഹചര്യമാണ് പാകിസ്താന്‍ അധിനിവേശത്തിലുള്ള ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്നതെന്നും മന്ത്രാലയം ആരോപിച്ചു.
സിവിലിയന്‍ പ്രതിഷേധക്കാര്‍ക്കെതിരെ പാകിസ്താന്‍ അഴിച്ചുവിട്ട അക്രമവും അടിച്ചമര്‍ത്തലും ക്രൂരതയും നിരവധി പേരുടെ മരണത്തിന് ഇടയാക്കിയെന്നും കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കുപോലും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുവെക്കാനായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കെതിരായ മറ്റ് കെട്ടിച്ചമച്ചതും ശത്രുതാപരവുമായ ആരോപണങ്ങളും പാകിസ്താന്റെ നിരാശാജനകമായ നീക്കത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങളും വിഭാഗീയ അക്രമങ്ങളും ഉള്‍പ്പെടെയുള്ള പാകിസ്താന്റെ സ്വന്തം വീഴ്ചകളില്‍നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി.
പാകിസ്താന്‍ പ്രചരിപ്പിക്കുന്ന ദുരുദ്ദേശ്യപരമായ വാദങ്ങള്‍ക്ക് ഒ ഐ സി ആവര്‍ത്തിച്ച് പിന്തുണ നല്‍കുന്നത് സംഘടനയുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. സംഘടനയിലെ അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുകയും ഒ ഐ സിയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം പറഞ്ഞു.
ജമ്മു കശ്മീരിന്റെ ഭാഗങ്ങള്‍ പാകിസ്താന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന വിഷയവും ഇന്ത്യ പ്രസ്താവനയില്‍ ഉന്നയിച്ചു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇനി പരിഹരിക്കപ്പെടാനുള്ള വിഷയങ്ങള്‍ പാകിസ്താന്‍ അനധികൃതമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍നിന്ന് പിന്മാറുക, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുക എന്നിവ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
