മണിപ്പൂർ വീണ്ടും കത്തുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു, മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ മൃതദേഹങ്ങളുമായി നാട്ടുകാരുടെ വൻ പ്രതിഷേധം

മണിപ്പൂർ വീണ്ടും കത്തുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു, മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ മൃതദേഹങ്ങളുമായി നാട്ടുകാരുടെ വൻ പ്രതിഷേധം


ഇംഫാൽ: മണിപ്പൂരില്‍ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമീണർക്ക് നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹങ്ങളുമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം നടത്തി.

ഇംഫാൽ ഈസ്റ്റ്, കാങ്‌പോക്‌പി ജില്ലകളുടെ അതിർത്തിയിൽ ഇന്ന് രാവിലെയാണ് സംഭവം. വിറക് ശേഖരിക്കാൻ പോയ 16 പേരടങ്ങുന്ന സംഘത്തിന് നേരെയാണ് തീവ്രവാദികൾ വെടിയുതിർത്തത്. അരുബം റോണിൽ (35), ലൈറെൻലക്‌പം ഇനാവോബി (51) എന്നിവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 

ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ട മൂന്ന് പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. ഗ്രാമത്തിന് സമീപമുള്ള കുന്നിൻപ്രദേശത്തേക്ക് രാവിലെ ഏഴ് മണിയോടെ വിറക് ശേഖരിക്കാൻ പോയ 16 അംഗ സംഘത്തിൽപ്പെട്ടവരായിരുന്നു ഇവർ.

2023 മെയ് മുതൽ സംസ്ഥാനത്ത് തുടരുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ മൃതദേഹങ്ങളുമായി തലസ്ഥാന നഗരിയിലെത്തിയത്. ബാബുപാറയിലുള്ള മുഖ്യമന്ത്രിയുടെ വസതിയുടെ പ്രധാന കവാടത്തിന് മുന്നിലാണ് അവർ മൃതദേഹങ്ങൾ വെച്ചത്. പ്രതിഷേധം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് വസതിയിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

സംഭവമറിഞ്ഞ് പ്രകോപിതരായ ഗ്രാമീണർ മൃതദേഹങ്ങളുമായി ഇംഫാലിലെ ബാബുപാറയിലുള്ള മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് ഇരച്ചെത്തുകയായിരുന്നു. സുരക്ഷാ ഗേറ്റിന് മുന്നിൽ മൃതദേഹങ്ങൾ പൊതുനിരത്തിൽ കിടത്തി ജനങ്ങൾ വലിയ രീതിയിൽ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും ജനക്കൂട്ടം അത് മറികടക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് പൊലീസ് ജനങ്ങൾക്ക് നേരെ ശക്തമായ രീതിയിൽ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

വലിയ തോതിൽ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. പിന്നീട് മൃതദേഹങ്ങൾ മണിപ്പൂരിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (ജെ.എൻ.ഐ.എം.എസ്) മാറ്റി. പരിക്കേറ്റവരിൽ ഒരാളായ കെ.എസ്. ദേവൻ്റെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്.

ഈ സംഭവത്തിന് പുറമെ തോബൽ ജില്ലയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി ഗോത്ര വിഭാഗങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായി. ഇതിനെത്തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രദേശത്ത് അടിയന്തിരമായി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. "ചില സാമൂഹികവിരുദ്ധ മൂലകങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം സമാധാനഭംഗം, പൊതുജന ശാന്തത തകർക്കൽ, മനുഷ്യജീവനും സ്വത്തുക്കൾക്കും ആസന്നമായ അപകടം എന്നിവയ്ക്ക് സാധ്യതയുണ്ട്..." ഞായറാഴ്‌ച രാത്രി തൗബാൽ കളക്‌ടർ പുറപ്പെടുവിച്ച നിരോധനാജ്ഞയിൽ പറയുന്നു.

ഞായറാഴ്‌ച രാത്രി 11 മണി മുതൽ ഖംഗബോക്, സംഗൈയുംഫാം മേഖലകളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ജില്ലാ മജിസ്ട്രേറ്റ് ആളുകളോട് നിർദേശിച്ചു. മണിപ്പൂരിലെ കാംജോങ് ജില്ലയിൽ നാഗ - കുക്കി സംഘർഷം തുടരുന്നതിനിടെയാണ് തൗബാലിലും ആക്രമണം അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ഇരു വിഭാഗവും തമ്മിൽ വ്യാപക സംഘർഷവും തീവെപ്പും നടന്നിരുന്നു. കുക്കി വിഭാഗത്തിൻ്റെ 15 വീടുകൾക്കും നാഗാ വിഭാഗക്കാരുടെ 13 വീടുകൾക്കും നേരെ തീവെപ്പ് നടന്നിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ നാഗ - കുക്കി സംഘർഷത്തിൽ 50-ൽ അധികം പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്.