സ്‌കൂളുകളിലെ അധ്യാപകക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉയര്‍ത്തിയ പ്രതിഷേധം ഫ്രാന്‍സില്‍ രാജ്യവ്യാപക രാഷ്ട്രീയ പ്രതിസന്ധിയായി മാറുന്നു. ജീവിതച്ചെലവിലെ വര്‍ധന, പൊതുസേവനങ്ങളുടെ തകര്‍ച്ച, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന ആരോപണം എന്നിവയും പ്രക്ഷോഭത്തിന് ശക്തിപകരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച രാജ്യത്തുടനീളം ഏകദേശം 5.5 ലക്ഷം പേര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. ഭൂരിഭാഗം പ്രകടനങ്ങളും സമാധാനപരമായിരുന്നെങ്കിലും ചെറിയൊരു വിഭാഗം കെട്ടിടങ്ങള്‍ ആക്രമിക്കുകയും കടകള്‍ കൊള്ളയടിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു.
1,200 പേരെ അറസ്റ്റ് ചെയ്തതായും 150 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു അറിയിച്ചു. പൊതുസേവനങ്ങളുടെ നിലവാരം ഇടിയുന്നതിലും കുടുംബങ്ങളുടെ സാമ്പത്തികഭാരം വര്‍ധിക്കുന്നതിലുമുള്ള രോഷമാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ സ്ഥാപനങ്ങളില്‍നിന്ന് മാറ്റമൊന്നും പ്രതീക്ഷിക്കാനില്ലെന്ന ജനങ്ങളുടെ നിരാശയും പ്രതിസന്ധി രൂക്ഷമാക്കുന്നു.
സ്‌കൂള്‍ ഉപരോധങ്ങളില്‍നിന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് വളര്‍ന്ന സമരം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
സ്‌കൂളുകളില്‍ തുടങ്ങിയ സമരം രാജ്യവ്യാപകമായി
കഴിഞ്ഞ മാസമാണ് പാരിസിന്റെ വടക്കന്‍ മേഖലയിലെ തൊഴിലാളിവര്‍ഗ ജനവിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ ഹൈസ്‌കൂളുകളില്‍ പ്രതിഷേധം ആരംഭിച്ചത്. അധ്യാപകരുടെ കുറവും മോശം പഠനസാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ഥികളുടെ സമരം. പിന്നീട് ബോര്‍ഡോ, റെന്നസ്, നാന്ത്, ലിയോണ്‍, ലില്‍, മാര്‍സെയ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു.
ശനിയാഴ്ചത്തെ പ്രകടനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും പുറമേ, 2018-ല്‍ ജീവിതച്ചെലവിലെ വര്‍ധനയ്ക്കും സാമ്പത്തിക അസമത്വത്തിനുമെതിരെ രൂപംകൊണ്ട 'യെല്ലോ വെസ്റ്റ്' പ്രസ്ഥാനത്തിന്റെ പിന്തുണക്കാരും പങ്കെടുത്തു.
സ്‌കൂള്‍ പ്രതിഷേധങ്ങള്‍ മുന്‍കാല പ്രക്ഷോഭങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയാണെന്ന് എഡിന്‍ബറോ സര്‍വകലാശാലയിലെ സമകാലിക ചരിത്രവിഭാഗം പ്രൊഫസര്‍ എമില്‍ ചബാല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ഫ്രാന്‍സിന്റെ പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തോടുള്ള അതൃപ്തിയുമാണ് യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തെ നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപ്രശ്നങ്ങളും പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന വിശാലമായ സാമൂഹിക ആവശ്യങ്ങളും ഒന്നിച്ചുചേര്‍ന്നതാണ് സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളിയായത്. ഫ്രാന്‍സിലെ പൊതുഹൈസ്‌കൂളുകളായ ലിസേകളില്‍ പഠിക്കുന്ന 15 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ഥികളാണ് പ്രധാനമായും സമരരംഗത്തുള്ളത്.
ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുക, ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, സ്‌കൂള്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക, വിദ്യാര്‍ഥികളെ തളര്‍ത്തുന്ന സമയക്രമം പരിഷ്‌കരിക്കുക എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങള്‍. യുവാക്കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും അവസരങ്ങളും ഉറപ്പാക്കാന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ടോ എന്ന ചോദ്യവും പ്രതിഷേധത്തില്‍ ഉയരുന്നു.
അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് വേതനവര്‍ധനയും പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ സാമ്പത്തികവിഭവങ്ങളും വേണമെന്ന ആവശ്യവും സമരത്തിന്റെ ഭാഗമായി. സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടന്ന പൊതുമേഖലാ പണിമുടക്കിനോടൊപ്പമാണ് സ്‌കൂള്‍ പ്രക്ഷോഭവും ശക്തിപ്പെട്ടത്.
54 ബില്യണ്‍ യൂറോയുടെ ചെലവുചുരുക്കല്‍ പദ്ധതി
2027-ലെ ബജറ്റ് നിര്‍ദേശങ്ങളാണ് പ്രതിഷേധത്തിന് മറ്റൊരു പ്രധാന കാരണം. രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കാന്‍ 54 ബില്യണ്‍ യൂറോയുടെ (ഏകദേശം 60.8 ബില്യണ്‍ ഡോളര്‍) ചെലവുചുരുക്കല്‍- നികുതി നടപടികള്‍ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വാദം.
സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാനശമ്പളം കണക്കാക്കുന്നതിനുള്ള വേതനനിരക്ക് മരവിപ്പിക്കാനും നിര്‍ദേശമുണ്ട്. ഇത് തുടര്‍ച്ചയായ നാലാം വര്‍ഷവും ശമ്പളവര്‍ധന തടയുന്നതിന് തുല്യമാണെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
സാമൂഹിക അസമത്വം, പൊതുനിക്ഷേപത്തിലെ വെട്ടിക്കുറയ്ക്കല്‍, ജനാധിപത്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശാലമായ പ്രതിഷേധത്തിന് വിദ്യാര്‍ഥികളുടെ സമരം പ്രചോദനമാകുന്നുവെന്ന് സാമൂഹ്യശാസ്ത്രജ്ഞയും രാഷ്ട്രീയശാസ്ത്രജ്ഞയുമായ ഡൊണാറ്റെല്ല ഡെല്ല പോര്‍ട്ട പറഞ്ഞു. സൈനികവത്ക്കരണത്തിനുള്ള ചെലവുകള്‍ക്കുപകരം സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്. യുദ്ധങ്ങളില്‍ ഏര്‍പ്പെടാനല്ല യുവാക്കള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ക്ക് മറ്റൊരു ഭാവിയാണ് വേണ്ടതെന്നും ഡൊണാറ്റെല്ല ഡെല്ല പോര്‍ട്ടയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്പിലെ യുവാക്കള്‍ നടത്തിയ പ്രക്ഷോഭങ്ങളുമായും ഇപ്പോഴത്തെ സമരത്തിന് ബന്ധമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രകടനങ്ങളില്‍ പാലസ്തീന്‍ പതാകകളും ഉയര്‍ന്നിരുന്നു.
ക്രമസമാധാനത്തിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍
പ്രതിഷേധങ്ങളോടുള്ള സര്‍ക്കാരിന്റെ അടിയന്തര പ്രതികരണം പ്രധാനമായും ക്രമസമാധാനം ഉറപ്പാക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അക്രമത്തിന് ഉത്തരവാദികളായവരെ വിചാരണ ചെയ്ത് ശിക്ഷിക്കുമെന്ന് പ്രസിഡന്റ് മാക്രോണ്‍ വ്യക്തമാക്കി.
ലിമോജ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ടൗണ്‍ഹാള്‍ തീപിടിത്തത്തില്‍ ഏറെക്കുറെ പൂര്‍ണമായി നശിച്ചതും മറ്റ് പ്രദേശങ്ങളില്‍ പൊതുകെട്ടിടങ്ങള്‍ക്കും കടകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളും സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
എന്നാല്‍, അക്രമത്തില്‍ ഏര്‍പ്പെട്ടവര്‍ വലിയ പ്രതിഷേധക്കൂട്ടത്തിന്റെ ചെറിയൊരു വിഭാഗം മാത്രമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബൗണ്ടിന്റെ നേതാവ് ജീന്‍- ലൂക് മെലന്‍ഷോണ്‍, വിദ്യാര്‍ഥികളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും ഏറ്റുമുട്ടല്‍ രൂക്ഷമാകാന്‍ സാഹചര്യമൊരുക്കുകയാണെന്നും ആരോപിച്ചു.
പ്രതിഷേധങ്ങളെ പ്രധാനമായും സുരക്ഷാപ്രശ്നമായി കാണുന്നതിനുപകരം അവയ്ക്ക് പിന്നിലുള്ള സാമൂഹിക- സാമ്പത്തിക പരാതികള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന രാഷ്ട്രീയ തര്‍ക്കവും ഇതോടെ ശക്തമായി.
രാഷ്ട്രീയ സ്തംഭനവും ജനങ്ങളുടെ നിരാശയും
2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഒരു രാഷ്ട്രീയ മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തത് ഫ്രാന്‍സില്‍ രാഷ്ട്രീയ സ്തംഭനാവസ്ഥ സൃഷ്ടിച്ചതായി എമില്‍ ചബാല്‍ വിലയിരുത്തി. സാമൂഹിക അതൃപ്തിക്ക് രാഷ്ട്രീയ രൂപം നല്‍കാന്‍ കഴിയുന്ന പാര്‍ട്ടിയോ പ്രസ്ഥാനമോ ഇല്ലാത്ത സാഹചര്യമാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
ചെലവുകള്‍, നികുതികള്‍, പൊതുസേവനങ്ങള്‍ എന്നിവ സംബന്ധിച്ച് സ്ഥിരതയുള്ള ധാരണയിലെത്തുന്നത് രാഷ്ട്രീയ ശിഥിലീകരണം പ്രയാസകരമാക്കുന്നു. സര്‍ക്കാരുകള്‍ മാറിയാലും നയങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകുമോ എന്ന സംശയവും പ്രതിഷേധക്കാര്‍ക്കിടയില്‍ ശക്തമാണ്.
മാക്രോണിനും പ്രക്ഷോഭം വലിയ തിരിച്ചടിയാണെന്ന് ചബാല്‍ അഭിപ്രായപ്പെട്ടു. യുവത്വത്തിന്റെ ഊര്‍ജവും പരിഷ്‌കരണങ്ങളും നിറഞ്ഞ ആധുനിക ഫ്രാന്‍സ് കെട്ടിപ്പടുക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍, വ്യക്തമായ രാഷ്ട്രീയ ദിശ അവതരിപ്പിക്കാനുള്ള കഴിവില്ലായ്മയും ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നതില്‍ പ്രകടമാകുന്ന പരിമിതികളും മൂലം ദുര്‍ബലമായെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഫ്രാന്‍സിലെ പ്രതിഷേധങ്ങളില്‍ മുമ്പും കണ്ടിട്ടുള്ള നേരിട്ടുള്ള നടപടി രീതികളും ഇപ്പോഴത്തെ സമരത്തിലുണ്ടെന്ന് ചബാല്‍ പറഞ്ഞു. യെല്ലോ വെസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന ഇത്തരം രീതികള്‍ ഇത്തവണ കടകള്‍ക്കു പുറമേ പൊതുകെട്ടിടങ്ങളെയും ലക്ഷ്യമിട്ടു. ഫ്രാന്‍സിന്റെ പൗരചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ലിമോജ് ടൗണ്‍ഹാളിന്റെ നാശം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് നടപടികളും മനുഷ്യാവകാശ ആശങ്കകളും
പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണെന്ന് ലിസ്ബണ്‍ സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമൂഹിക പ്രസ്ഥാനവിദഗ്ധ ഗുയ അക്കോര്‍നെറോ ചൂണ്ടിക്കാട്ടി.
നിലവിലെ പ്രതിഷേധത്തിനിടെ 15 വയസ്സുള്ള ഒരു കുട്ടിക്ക് പൊലീസ് സ്റ്റണ്‍ ഗ്രനേഡ് മൂലം കൈ നഷ്ടമായെന്നും 14 വയസ്സുള്ള മറ്റൊരു കുട്ടിയുടെ താടിയെല്ലിന് അടുത്തുനിന്ന് പ്രയോഗിച്ച കണ്ണീര്‍വാതക ഷെല്‍ തട്ടി ഗുരുതരമായി പരിക്കേറ്റെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തയില്‍ പറയുന്നു.
കുട്ടികള്‍ക്കെതിരായ അമിതമായ ബലപ്രയോഗത്തെ സംഘടന അപലപിച്ചു. പ്രകടനങ്ങളില്‍ ഭൂരിഭാഗവും സമാധാനപരമായിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. തടസ്സങ്ങളുണ്ടാക്കാത്ത സമരരീതികള്‍ സ്വീകരിച്ചപ്പോഴും യുവാക്കള്‍ അക്രമാസക്തമായ അടിച്ചമര്‍ത്തലിന് ഇരയായിട്ടുണ്ടെന്ന് അക്കോര്‍നെറോ പറഞ്ഞു.
രാഷ്ട്രീയ നേട്ടം ആര്‍ക്കായിരിക്കും?
പ്രക്ഷോഭം രാഷ്ട്രീയമായി ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഫ്രഞ്ച് ചരിത്ര- രാഷ്ട്രീയ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പോള്‍ സ്മിത്തിന്റെ വിലയിരുത്തലില്‍, തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്‍ പ്രക്ഷോഭത്തില്‍നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതേസമയം, മെലന്‍ഷോണിന്റെ ഭാവി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനും പ്രക്ഷോഭം തിരിച്ചടിയായേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, തീവ്രവലതുപക്ഷത്തിനാണ് നേട്ടമുണ്ടാകുകയെന്ന് മുന്‍കൂട്ടി കരുതരുതെന്ന് ചബാല്‍ മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ ക്രമസമാധാനത്തെക്കുറിച്ചുള്ള ഭയം മുന്‍കാലങ്ങളില്‍ യാഥാസ്ഥിതിക- മധ്യപക്ഷ പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും 1968-ലെ പ്രക്ഷോഭങ്ങള്‍ക്കുശേഷമുള്ള സാഹചര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ശനിയാഴ്ച എക്സില്‍ പ്രതികരിച്ച ലെ പെന്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങളെ 'ന്യായമായ സാമൂഹിക ആവശ്യങ്ങള്‍' എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ തീവ്ര ഇടതുപക്ഷം പ്രക്ഷോഭത്തെ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ജനങ്ങളുടെ അതൃപ്തി രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ തീവ്രവലതുപക്ഷം ശ്രമിച്ചേക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു. എന്നാല്‍, നവലിബറല്‍ സാമ്പത്തിക നയങ്ങളെയും മുതലാളിത്ത ഘടനകളെയും വിമര്‍ശിക്കുന്നതിനു പകരം കുടിയേറ്റത്തെയും കുടിയേറ്റക്കാരെയും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് ഈ രോഷത്തെ തിരിച്ചുവിടാനാണ് അവര്‍ ശ്രമിക്കുകയെന്ന വിലയിരുത്തലുമുണ്ട്.
2027 ഏപ്രിലില്‍ ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന ഉറപ്പിനൊപ്പം പ്രതിഷേധത്തിന് കാരണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതിയും സ്ഥാനാര്‍ഥികള്‍ക്ക് മുന്നോട്ടുവെക്കേണ്ടിവരും.
സാമൂഹിക അതൃപ്തിക്ക് രാഷ്ട്രീയമായ ദിശ നല്‍കാന്‍ കഴിയുന്ന ശക്തമായ സംവിധാനങ്ങളുടെ അഭാവത്തില്‍ മാറ്റം എങ്ങനെ സാധ്യമാക്കുമെന്നതാണ് ഫ്രാന്‍സ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ചബാല്‍ ചൂണ്ടിക്കാട്ടി.
