ഫ്രാന്‍സിലും ഇറ്റലിയിലും കൊള്ള തടയാന്‍ കടയുടമകള്‍ രംഗത്ത്; പ്രതിഷേധം അക്രമാസക്തം

ഫ്രാന്‍സിലും ഇറ്റലിയിലും കൊള്ള തടയാന്‍ കടയുടമകള്‍ രംഗത്ത്; പ്രതിഷേധം അക്രമാസക്തം


പാരിസ്: ജീവിതച്ചെലവിലുണ്ടായ വര്‍ധനയ്ക്കും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കുമെതിരെ ഫ്രാന്‍സിലും ഇറ്റലിയിലും നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ കടകള്‍ കൊള്ളയടിക്കുന്നത് തടയാന്‍ കടയുടമകളും ജീവനക്കാരും നേരിട്ട് രംഗത്തിറങ്ങി. വാരാന്ത്യത്തിലുണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പ്രതിഷേധങ്ങളില്‍നിന്ന് പൊതുജനം അകലുന്നതിന്റെ സൂചനയായാണ് ചിലര്‍ ഇതിനെ വിലയിരുത്തുന്നത്.

ഫ്രാന്‍സിലെ നീസില്‍ ഒരു വീഡിയോ ഗെയിം കടയിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച കൊള്ളസംഘത്തെ തടയാന്‍ ജീവനക്കാരനായ പിയര്‍ മുന്നില്‍നിന്നു. ഇതിനിടെ ഇയാള്‍ക്ക് പിന്നില്‍ ചവിട്ടേറ്റു. പാരിസില്‍ ഒരു വനിതാ കടയുടമ ഇരുമ്പുവടിയെന്ന് കരുതുന്ന ആയുധം ഉപയോഗിച്ച് കൊള്ളക്കാരെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സെയ്ന്റ് എറ്റിയെന്നില്‍ ഒരാള്‍ കൊള്ളക്കാരനെ അടിക്കുന്നതും മ്യുള്‍ഹൗസില്‍ മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാര്‍ അക്രമികളെ നേരിടുന്നതും പുറത്തുവന്ന വീഡിയോകളിലുണ്ട്.

ഇറ്റലിയിലെ മിലാനില്‍ അണ്ടര്‍ ആര്‍മര്‍ വസ്ത്രശാലയില്‍ കൊള്ളയ്‌ക്കെത്തിയവരെ ഒരാള്‍ വടിയുമായി നേരിട്ടതും ശ്രദ്ധേയമായി.

ഇരുരാജ്യങ്ങളിലും തുടക്കത്തില്‍ സമാധാനപരമായിരുന്ന പ്രകടനങ്ങളാണ് പിന്നീട് അക്രമാസക്തമായത്. യുദ്ധങ്ങള്‍ക്കും ജീവിതച്ചെലവിലെ വര്‍ധനയ്ക്കുമെതിരെ മിലാനില്‍ നടന്ന മാര്‍ച്ചിനിടെ മുഖംമൂടി ധരിച്ച ചിലര്‍ പൊലീസിനു നേരെ കല്ലെറിയുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

ഫ്രാന്‍സില്‍ കലാപത്തിന്റെ വ്യാപ്തി മുന്‍കൂട്ടി കണക്കാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആഭ്യന്തരമന്ത്രി ലോറന്‍ നൂനെസ് സമ്മതിച്ചു. തുടര്‍ന്ന് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അത് അംഗീകരിച്ചില്ല.

വാരാന്ത്യത്തിലെ കൊള്ളയടിക്കലിനുശേഷം പൊതുജനാഭിപ്രായത്തില്‍ ഉണ്ടായ മാറ്റം വിലയിരുത്തുന്ന സര്‍വേകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും കൊള്ളയടിക്കലിനെ എതിര്‍ക്കുന്നതും പരസ്പരവിരുദ്ധമായ നിലപാടുകളല്ലെന്ന് നേരത്തെയുള്ള സര്‍വേകള്‍ സൂചിപ്പിക്കുന്നു.

ഒക്ടോബര്‍ എട്ടിന് എലാബെ നടത്തിയ സര്‍വേയില്‍ ഫ്രാന്‍സിലെ 55 ശതമാനം പേര്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങളെ പിന്തുണച്ചപ്പോള്‍ 35 ശതമാനം പേര്‍ എതിര്‍ത്തു. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് 70 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ വ്യക്തമാക്കുന്നു.

2018ലെ 'യെല്ലോ വെസ്റ്റ്' പ്രക്ഷോഭകാലത്ത് പുറത്തുവന്ന ഒരു സര്‍വേയില്‍ 70 ശതമാനത്തിലധികം പേര്‍ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്നു. അതേസമയം, 85 ശതമാനം പേര്‍ അക്രമസംഭവങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ നടന്ന രണ്ട് പ്രക്ഷോഭങ്ങളെ പൂര്‍ണമായി താരതമ്യം ചെയ്യാനാകില്ല. കടയുടമകള്‍ പ്രതികരിച്ചത് മോഷണത്തിനും നശീകരണത്തിനുമെതിരെയാണെന്നും പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ക്കെതിരെയല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കൊള്ളയും പൊതുമുതല്‍ നശീകരണവും ഫ്രഞ്ച് സമൂഹത്തിലെ ആഴത്തിലുള്ള സാമ്പത്തിക അസമത്വത്തോടുള്ള രോഷത്തിന്റെ പ്രതിഫലനമാണെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. സമ്പത്ത് ഏതാനും അതിസമ്പന്നരില്‍ കേന്ദ്രീകരിക്കുന്നതും സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ധിക്കുന്നതും പ്രതിഷേധങ്ങളുടെ പശ്ചാത്തലമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓക്‌സ്ഫാമിന്റെ കണക്കനുസരിച്ച് ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് റെക്കോര്‍ഡ് 18.3 ട്രില്യണ്‍ ഡോളറിലെത്തി. 2020നുശേഷം ഇത് 81 ശതമാനം വര്‍ധിച്ചു. ഫ്രാന്‍സില്‍ 53 ശതകോടീശ്വരന്മാരുടെ സമ്പത്ത് 3.2 കോടി ജനങ്ങളുടെ ആകെ സമ്പത്തിനേക്കാള്‍ കൂടുതലാണെന്നും ഓക്‌സ്ഫാം ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സിലെ മാധ്യമമേഖലയിലും സമ്പത്തിന്റെ കേന്ദ്രീകരണം പ്രകടമാണെന്നാണ് ഓക്‌സ്ഫാം ഫ്രാന്‍സിന്റെ വിലയിരുത്തല്‍. പത്ത് ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലാണ് രാജ്യത്തെ പ്രധാന മാധ്യമങ്ങളില്‍ ഭൂരിഭാഗവും. ഇവരില്‍ നാലുപേര്‍ക്ക് ഏകദേശം പകുതി ടെലിവിഷന്‍ ചാനലുകളുടെ നിയന്ത്രണമുണ്ടെന്നും സംഘടന ആരോപിക്കുന്നു.