കൊച്ചി വിമാനത്താവളത്തിന് 25 വര്‍ഷത്തെ സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ജേക്കബ്‌സ്

കൊച്ചി വിമാനത്താവളത്തിന് 25 വര്‍ഷത്തെ സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ജേക്കബ്‌സ്


കൊച്ചി: ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസനത്തിനായി സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ആഗോള വ്യോമയാന അടിസ്ഥാനസൗകര്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജേക്കബ്‌സിനെ ചുമതലപ്പെടുത്തി. കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ആണ് അമേരിക്കന്‍ ആസ്ഥാനമായ ജേക്കബ്‌സിനെ ഇതിനായി നിയോഗിച്ചത്.

വിമാനത്താവളത്തിന്റെ ദീര്‍ഘകാല വികസനത്തിന് ദിശാബോധം നല്‍കുന്നതായിരിക്കും മാസ്റ്റര്‍പ്ലാന്‍. യാത്രക്കാരെയും വിമാനങ്ങളെയും കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കുക, പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുക, പരിസ്ഥിതി സൗഹൃദ വികസനം ഉറപ്പാക്കുക എന്നിവയ്ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുക. കേരളത്തിലെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകളുടെ വളര്‍ച്ചയ്ക്ക് സഹായകമായ പ്രധാന കവാടമെന്ന നിലയില്‍ കൊച്ചി വിമാനത്താവളത്തിന്റെ പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

എന്‍ജിനീയറിങ് ന്യൂസ് റെക്കോര്‍ഡ് പ്രസിദ്ധീകരിക്കുന്ന റാങ്കിങ്ങില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വ്യോമയാന മേഖലയില്‍ ഒന്നാം സ്ഥാനം നേടിയ സ്ഥാപനമാണ് ജേക്കബ്‌സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവള വികസന പദ്ധതികളില്‍ സ്ഥാപനം പങ്കാളിയാണ്.

ഇന്ത്യയിലെ ആദ്യ നെറ്റ് സീറോ എമിഷന്‍ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലും ജേക്കബ്‌സ് പങ്കാളിയാണ്. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ച കാലം മുതല്‍ അവിടെ വിവിധ സേവനങ്ങള്‍ നല്‍കിവരുന്നു. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത വാടകക്കാര്‍ സൗകര്യത്തിന്റെ വികസനത്തിലും പങ്കാളിത്തമുണ്ട്. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പി എ കണ്‍സള്‍ട്ടിങ്ങുമായി സഹകരിച്ച് ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ വ്യോമയാന അടിസ്ഥാനസൗകര്യ പദ്ധതികളും നടപ്പാക്കുന്നു. ലോകമെമ്പാടുമുള്ള 150-ലധികം വിമാനത്താവളങ്ങളില്‍ ജേക്കബ്‌സ് നിലവില്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ആസൂത്രണത്തിനപ്പുറം, പരിസ്ഥിതി- സാമൂഹിക ആഘാത വിലയിരുത്തലിനുള്ള ചട്ടക്കൂടും ജേക്കബ്‌സ് തയ്യാറാക്കും. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതെ പരിസ്ഥിതി സംരക്ഷണത്തിനും പ്രാദേശിക സമൂഹങ്ങളുടെ താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വികസനം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യയിലെ ജേക്കബ്‌സിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളില്‍നിന്നായിരിക്കും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നേതൃത്വം നല്‍കുക. യു കെയില്‍നിന്നുള്ള വിദഗ്ധരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും ആഗോള വ്യോമയാന ആസൂത്രണ രംഗത്തെ അനുഭവസമ്പത്തും സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

25 വര്‍ഷത്തെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത് സിയാലിന്റെ ദീര്‍ഘകാല കാഴ്ചപ്പാടും ഭാവിവളര്‍ച്ചയും രൂപപ്പെടുത്തുന്നതിലെ നിര്‍ണായക നാഴികക്കല്ലാണെന്ന് സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി പറഞ്ഞു.

ജേക്കബ്‌സിന്റെ ആഗോളതലത്തിലുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കേരളത്തിന്റെ സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ വികസനത്തിന് കരുത്തുപകരുന്ന പ്രധാന കവാടമായി കൊച്ചി വിമാനത്താവളത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.