മെക്‌സിക്കൻ നാവിക സേനാകപ്പൽ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചുകയറി രണ്ട് മരണം; 22 പേർക്ക് പരിക്ക്

മെക്‌സിക്കൻ നാവിക സേനാകപ്പൽ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചുകയറി രണ്ട് മരണം; 22 പേർക്ക് പരിക്ക്


ന്യൂയോർക്ക്: ആഗോള സൗഹൃദ പര്യടനത്തിൽ പങ്കെടുത്ത ഒരു മെക്‌സിക്കൻ നാവികസേനയുടെ കപ്പൽ ശനിയാഴ്ച രാത്രി ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചുകയറി മൂന്ന് മാസ്റ്റുകൾ തകർത്തു. മാരകമായി പരിക്കേറ്റ രണ്ടു ജീവനക്കാർ മരണത്തിനു കീഴടങ്ങി. ഇടിയെ തുടർന്ന് ചില നാവികർ വായുവിൽ ഹാർനെസുകളിൽ തൂങ്ങിക്കിടക്കുന്ന കാഴ്ചയായിരുന്നു. എന്നാൽ, ആരും വെള്ളത്തിൽ വീണില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

142 വർഷം പഴക്കമുള്ള പാലത്തിന് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നാൽ കപ്പലിലെ കുറഞ്ഞത് 19 പേർക്കെങ്കിലും അപകടത്തെത്തുടർന്ന് പരിക്കേറ്റതായും ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറഞ്ഞു. കൂട്ടിയിടിയുടെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

'കുവോട്ടെമോക്ക്' എന്ന കപ്പൽ ഈസ്റ്റ് റിവറിന്റെ ബ്രൂക്ലിൻ ഭാഗത്തിനടുത്തുള്ള പാലത്തിലേക്ക് വേഗത്തിൽ സഞ്ചരിക്കുന്നതും തുടർന്ന് അതിന്റെ മൂന്ന് മാസ്റ്റുകൾ പാലത്തിന്റെ പ്രധാന സ്പാനിൽ ഇടിക്കുകയും കപ്പൽ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഓരോന്നായി ഒടിഞ്ഞുവീഴുകയും ചെയ്യുന്നത് ദൃക്‌സാക്ഷികൾ പകർത്തിയ വിഡിയോകളിൽ ദൃശ്യമായി. രാത്രി 8:20ന് ഉണ്ടായ കൂട്ടിയിടിയെ തുടർന്ന് കനത്ത ഗതാഗതക്കുരുക്കും ഉണ്ടായി. കപ്പലിൽ 277 ആളുകളുണ്ടായിരുന്നു.

'കുവാട്ടെമോക്ക്' ഒരു അക്കാദമി പരിശീലന കപ്പലാണെന്ന് മെക്‌സിക്കൻ നാവികസേന 'എക്‌സി'ലെ പോസ്റ്റിൽ പറഞ്ഞു. ആകെ 22 പേർക്ക് പരിക്കേറ്റുവെന്നും അവരിൽ 19 പേർക്ക് വൈദ്യചികിത്സ ആവശ്യമാണെന്നും അതിൽ പറയുന്നു.