ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനില്‍ തുടങ്ങി

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനില്‍ തുടങ്ങി


വത്തിക്കാന്‍ സിറ്റി: റോമന്‍ കത്തോലിക്കാ സഭയുടെ 267ാമത് തലവനും അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പുമായ ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനില്‍ തുടങ്ങി. വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ന് കുര്‍ബാന തുടങ്ങി. ചടങ്ങുകളുടെ ഭാഗമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ തുറന്ന വാഹനത്തില്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീര്‍വദിച്ചു. കുര്‍ബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളില്‍ നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാര്‍ഥിച്ചശേഷമാണു മാര്‍പാപ്പ കുര്‍ബാനയ്ക്ക് എത്തിയത്.