ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടവുമായി തുര്‍ക്കി

ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടവുമായി തുര്‍ക്കി


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തും, പാകിസ്താനെ പിന്തുണച്ചും രംഗത്തു വന്നതോടെ തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വഷളായിരുന്നു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടവുമായി തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒയും നിരോധിത സംഘടനകളും രംഗത്ത്.
ധാക്കയിലും മറ്റും ഇന്ത്യയുടേയും മ്യാന്മറിന്റെയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഭൂപടങ്ങളാണ് പ്രചരിക്കുന്നത്. തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒ 'സല്‍ത്താനത്ത്ഇബംഗ്ലാ' യുടെ പേരിലാണ് ധാക്കയില്‍ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യയിലെ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മ്യാന്‍മറിലെ അരക്കാന്‍ സംസ്ഥാനം എന്നിവ ഉള്‍പ്പെടുന്നതാണ് പ്രചരിക്കുന്ന 'ഗ്രേറ്റര്‍ ബംഗ്ലാദേശ്' ഭൂപടം. ധാക്ക സര്‍വകലാശാലകളിലും ഈ ഭൂപടം പ്രചരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ മാതൃകയിലുള്ള ഇടപെടലുകള്‍ തുര്‍ക്കി ബംഗ്ലാദേശിലും നടത്തുകയാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ സ്വാധീനത്തിന്റെ വ്യാപ്തിയും തുര്‍ക്കി എന്‍ജിഒകളുടെ പങ്കും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ധാക്കയില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, ബംഗ്ലാദേശ് സായുധ സേനയ്ക്ക് സൈനിക സാമഗ്രികള്‍ നല്‍കുന്നതിലൂടെ തുര്‍ക്കി ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നതില്‍ പാകിസ്ഥാന്‍ നിര്‍ണായക പങ്കു വഹിക്കുന്നതായി ആരോപണമുണ്ട്.