മാറ്റ്ലി: ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ റസുള്ള നിസാനി എന്ന അബു സൈഫുള്ള ഖാലിദ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. സിന്ധിലെ മാറ്റ്ലിയിലെ തന്റെ വസതിയില്‍ നിന്ന് ഇറങ്ങിയ അബു സൈഫുള്ള ഖാലിദ് മാറ്റ്ലി ഫാല്‍ക്കര ചൗക്കിലെ ഒരു ക്രോസിംഗിന് സമീപമാണ് വെടിയേറ്റ് മരിച്ചത്.
പാകിസ്ഥാന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരുന്നു. വെടിയേറ്റ ഖാലിദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പി ടി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.
റസുള്ള നിസാനി എന്ന അബു സൈഫുള്ള ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉന്നത കമാന്‍ഡറായിരുന്നു, ഇയാള്‍ ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന്‍ അസം ചീമയുമായും സംഘടനയുടെ ചീഫ് അക്കൗണ്ടന്റ് യാക്കൂബുമായും അടുത്ത് പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന്‍ കൊല്ലപ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 മാര്‍ച്ചില്‍ ചീമയും മരിച്ചു.
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലൂടെയുള്ള പ്രവര്‍ത്തകരുടെ നീക്കത്തിന് സൗകര്യമൊരുക്കി ധനകാര്യം, നിയമനം, ലോജിസ്റ്റിക്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ലഷ്‌കര്‍ ഇ തൊയ്ബയുടെ നേപ്പാള്‍ മൊഡ്യൂളില്‍ ഖാലിദ് നിര്‍ണായക പങ്ക് വഹിച്ചു. 2000 മുതല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ മൊഡ്യൂള്‍ വെളിപ്പെടുത്തുന്നതുവരെ നേപ്പാളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പാകിസ്ഥാനിലേക്ക് മടങ്ങിയതിന് ശേഷം ലഷ്‌കര്‍ ഇ തൊയ്ബയുടേയും ജമാഅത്ത്-ഉദ്-ദവയുടെയും നിരവധി നേതാക്കളുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു കശ്മീരിലെ ലഷ്‌കര്‍ കമാന്‍ഡര്‍ യൂസഫ് മുസമ്മില്‍, മുസമ്മില്‍ ഇഖ്ബാല്‍ ഹാഷ്മി, മുഹമ്മദ് യൂസഫ് തൈബി എന്നിവരുമായും ബന്ധമുണ്ട്.
സിന്ധിലെ ബാദിന്‍, ഹൈദരാബാദ് ജില്ലകളില്‍ നിന്നുള്ള പുതിയ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും സംഘടനയ്ക്കായി ഫണ്ട് ശേഖരിക്കുന്നതിനുമായി പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബ, ജമാഅത്ത് ഉദ്വദ് നേതൃത്വം ഖാലിദിനെ ചുമതലപ്പെടുത്തിയിരുന്നു.