കീവ്: യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം റഷ്യ നടത്തിയതായി യുക്രെയ്ന്‍ ആരോപിച്ചു. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ ഒന്നിലധികം പ്രദേശങ്ങളെ ലക്ഷ്യമിട്ട് നൂറുകണക്കിന് ഡ്രോണുകളാണ് റഷ്യ അയച്ചത്. സംഭവത്തില്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുക്രെയ്ന്‍ വ്യോമസേനയുടെ കണക്കനുസരിച്ച്, ഞായറാഴ്ച രാവിലെ എട്ടു മണിയോടെ റഷ്യ 273 ഡ്രോണുകളാണ് അയച്ചത്. കീവ് പോലുള്ള മധ്യ പ്രദേശങ്ങളിലും കിഴക്കന്‍ ഡിനിപ്രോപെട്രോവ്‌സ്‌ക്, ഡൊണെറ്റ്‌സ്‌ക് പ്രദേശങ്ങളിലും ആക്രമണം നടത്തി.
ഇതില്‍ 88 എണ്ണം തടയുകയും 128 എണ്ണം നാശനഷ്ടങ്ങള്‍ വരുത്താതെ പോവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ഷെഡ്യൂള്‍ ചെയ്ത ഫോണ്‍ കോളിന് ഒരു ദിവസം മുമ്പാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. നിലവിലുള്ള സംഘര്‍ഷത്തില്‍ ട്രംപ് വെടിനിര്‍ത്തലിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സംഭാഷണത്തിന് മുന്നോടിയായി ജര്‍മ്മനി, ഫ്രാന്‍സ്, പോളണ്ട്, യു കെ എന്നിവയുള്‍പ്പെടെയുള്ള പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഞായറാഴ്ച ട്രംപുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു.
മൂന്ന് വര്‍ഷത്തിന് ശേഷം റഷ്യന്‍, യുക്രെയ്‌നിയന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച തുര്‍ക്കിയില്‍ നടന്നു. ചര്‍ച്ചകള്‍ തടവുകാരുടെ കൈമാറ്റത്തെക്കുറിച്ചുള്ള കരാറിലേക്ക് മാത്രമാണെത്തിയത്. വിശാലമായ വിഷയങ്ങളില്‍ വഴിത്തിരിവുകളുണ്ടായിട്ടില്ല.
യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയ്ക്ക് യഥാര്‍ഥ ഉദ്ദേശ്യമില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് യുക്രെയ്‌നിയന്‍ ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു.
റഷ്യയെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചകള്‍ വെറും നാട്യം മാത്രമാണെന്നും പുടിന്‍ യുദ്ധം ആഗ്രഹിക്കുന്നുവെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ആന്‍ഡ്രി യെര്‍മാക് പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സമാധാനത്തിനായുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നിട്ടും യുദ്ധശ്രമം തുടരാന്‍ മോസ്‌കോ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഡ്രോണ്‍ ആക്രമണങ്ങളെന്നാണ് യുക്രെയ്‌നിയന്‍ അധികൃതര്‍ വിശ്വസിക്കുന്നത്.
ഫെബ്രുവരി 23ന് പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ 267 ഡ്രോണുകളാണ് റഷ്യ യുക്രെയ്‌നു നേരെ വിക്ഷേപിച്ചത്. പ്രസ്തുത എണ്ണമാണ് ഇപ്പോള്‍ വര്‍ധിച്ചത്.
പോപ്പ് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഞായറാഴ്ച വത്തിക്കാനില്‍ പോപ്പുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. റോം സന്ദര്‍ശന വേളയില്‍ അദ്ദേഹം യു എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായും ചര്‍ച്ച നടത്തി.